കോഴഞ്ചേരി: തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തിന് തുടക്കമായി. ഇന്നലെ രാവിലെ ചരല്‍ക്കുന്ന് മയിലാടുംപാറ മഹാദേവര്‍ ക്ഷേത്രത്തില്‍നിന്ന് ഭക്തരുടെ നേതൃത്വത്തില്‍ നവധാന്യ ഘോഷയാത്ര തെള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. മയിലാടുംപാറ ക്ഷേത്രം സമിതി പ്രസിഡന്റ് സി.എസ്. അനീഷ്കുമാര്‍, സെക്രട്ടറി കെ.ആര്. രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധാന്യം എഴുന്നള്ളത്ത്.
കൊടിമരചുവട്ടിലെ വെള്ളി പ്പരമ്പില് കേരള പുലയര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ് ധാന്യസമര്‍പ്പണം നടത്തി. വൃശ്ചിക വാണിഭമേളയുടെ ഉദ്ഘാടനം നടൻ കൃഷ്ണപ്രസാദ് നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് പി.ജി. സതീഷ് കുമാറിന്റെ അധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, വൈസ് പ്രസിഡന്റ് സാജന് മാത്യു, മെംബര്‍മാരായ ശ്രീജാ ടി. നായര്‍, പി.എ. അനില്‍ കുമാര്‍, കെപിഎംഎസ് സംസ്ഥാന അധ്യക്ഷ കെ. ബിന്ദു, ഉപദേശക സമിതി വൈസ് പ്രസിഡന്റ് പി.ജി. ജയന്, സെക്രട്ടറി അഖില്‍ എസ്.നായര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ കെ.വന്ദന തുടങ്ങിയവര്‍ പ്രസംഗിച്ചു.
41ദിവസം നീണ്ടുനില്‍ക്കുന്ന കളമെഴുതിപാട്ടിനും തുടക്കമായി. ഡിസംബര്‍ ഒന്നുവരെ നടക്കുന്ന മേള ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാണ് നടത്തുന്നത്.
ഉണക്കസ്രാവ്, കാര്‍ഷിക ഉത്പന്നങ്ങള്‍, പണി ആയുധങ്ങള്‍, ഫര്‍ണിച്ചര്‍, കല്ലുകൊണ്ടുള്ള അടുക്കള ഉപകരണങ്ങള്‍, വസ്ത്രം, ചെരുപ്പ്, പൂച്ചെടികള്‍ അടക്കം ഉപ്പ് തൊട്ട് കര്‍പ്പൂരംവരെ മേളയില്‍ ലഭ്യമാണ്.