ചെമ്പേരി: കേരള സർക്കാർ വിവിധ മേഖലകളിൽ നയരൂപീകരണം നടത്തുമ്പോഴും സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷത്തിൽ യാതൊരു ശ്രദ്ധയുമില്ലെന്നും ഇക്കാര്യത്തിലെ നിസംഗത അവസാനിപ്പിച്ച് വ്യക്തമായ മദ്യനയം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നത്തെ യുവ തലമുറ ലഹരിവസ്തുക്കൾക്ക് അടിമപ്പെടുന്നത് കൈയും കെട്ടി നോക്കി നിൽക്കാൻ സമൂഹത്തിന് കഴിയില്ല. അവരെ രക്ഷിക്കാൻ യുവജന കൂട്ടായ്മകളൊരുക്കി മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾ മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
മദ്യമേഖലയിൽ സർക്കാരിന് തോന്നുംപടി പ്രവർത്തിക്കാനുള്ള ലൈസൻസായി മാത്രമേ ഇപ്പോഴത്തെ മദ്യവില്പനയെ കണക്കാക്കാൻ കഴിയുകയുള്ളൂ. പുതിയ ബാറുകൾക്ക് അനുമതി നൽകുന്നതിലും യഥേഷ്ടം മദ്യശാലകൾ അനുവദിക്കുന്നതിനും സർക്കാർ കാണിക്കുന്ന താത്പര്യം മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരാണ്. ജനത്തിന്റെ ജീവനും സ്വത്തും ആരോഗ്യവും നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുപകരം ഖജനാവ് നിറയ്ക്കാൻ നോക്കുന്ന ഈ ജനദ്രോഹം അനുവദിക്കാനാകില്ല.
അതിനാൽ സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ച് മദ്യം, മയക്കുമരുന്നുകൾ എന്നിവക്കെതിരെ കർശനമായ നിയമസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു.
മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ടോമി വെട്ടുകാട്ടിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജോസഫ് പൂവത്തോലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചെമ്പേരി ബസിലിക്ക അസി. റെക്ടർ ഫാ.അമൽ ചെമ്പകശേരി, മുക്തിശ്രീ അതിരൂപത പ്രസിഡന്റ് ഷിനോ സിബി പാറയ്ക്കൽ, അതിരൂപത ആനിമേറ്റർ സിസ്റ്റർ ജോസ് മരിയ, ടി.ഡി.ദേവസ്യ, സോളി രാമച്ചനാട്ട്, സോയി ജോസഫ് പുറക്കാട്ട്, ഷെൽസി കാവനാടി, പൈലി വലിയകണ്ടം, പുഷ്പ വെള്ളാപ്പാടം എന്നിവർ പ്രസംഗിച്ചു. ജോസ് ശാശേരി, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, സെബാസ്റ്റ്യൻ പെരുമ്പുഴ, ജോസ് ചിറ്റേട്ട്, തങ്കമ്മ പാലമറ്റം, ജിൻസി കുഴിമുള്ളിൽ, മോളി സജി, സിനി കൊച്ചുപുറത്താനത്ത്, ജോളി ബിജു നടുതൊട്ടിയിൽ എന്നിവർ നേതൃത്വം നൽകി.