ചെമ്പേരി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് മരിയൻ തീർഥാടനം നടത്തും. ആലക്കോട്, എടൂർ, പൈസക്കരി, ചെമ്പന്തൊട്ടി എന്നീ കേന്ദ്രങ്ങളിൽനിന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് ജപമാല ചൊല്ലി കാൽനടയായാണു മരിയൻ തീർഥാടനം. അതിരൂപതയിലെ മുഴുവൻ വിശ്വാസികളെയും ഉൾപ്പെടുത്തി നടത്തുന്ന മരിയൻ തീർഥാടനത്തിന്റെ ആലോചനായോഗം ചെമ്പേരി ബസിലിക്കയിൽ തലശേരി അർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയിൽ ചേർന്നു.
അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ, വായാട്ടുപറമ്പ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, തലശേരി അതിരൂപത മതബോധന ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ, തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ. ജോർജ് കോവാട്ട്, തലശേരി അതിരൂപത മിഷൻലീഗ് ഡയറക്ടർ ഫാ. ജോസഫ് വടക്കേപറമ്പിൽ, തലശേരി അതിരൂപത മീഡിയ ഡയറക്ടർ ഫാ. ജോൺ കൂവപ്പാറയിൽ, തലശേരി അതിരൂപത കരിസ്മാറ്റിക് മൂവ്മെന്റ് ഡയറക്ടർ ഫാ. സേവ്യർ പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു. ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സ്വാഗതവും തലശേരി അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പള്ളിൽ നന്ദിയും പറഞ്ഞു.
ഡിസംബർ ആറിനു രാത്രി 7.30ന് എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്കുശേഷം മലയോര ഹൈവേയിലൂടെ 30 കിലോമീറ്റർ കാൽനടയായി ജപമാല ചൊല്ലി ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ഏഴിനു രാവിലെ അഞ്ചിന് എത്തിച്ചേരും വിധത്തിലുള്ള തീർഥാടനം നടക്കും.
ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഡിസംബർ ആറിനു രാത്രി 8.30 ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിക്ക് ശേഷം 20 കിലോമീറ്റർ മലയോര ഹൈവേയിലൂടെ ജപമാല ചൊല്ലി കാൽനടയായി ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ഡിസംബർ ഏഴിനു പുലർച്ചെ അഞ്ചിന് എത്തിച്ചേരും. ചെമ്പന്തൊട്ടിയിൽനിന്ന് പൈസക്കരിയിൽനിന്നും ചെമ്പേരി ഫൊറോനയിലെ വിവിധ പള്ളികളിൽനിന്നും ഡിസംബർ ഏഴിനു പുലർച്ചെ അഞ്ചിന് ചെമ്പേരി ബസിലിക്കയിൽ എത്തിച്ചേരും വിധത്തിൽ കാൽനടയായി ജപമാല ചൊല്ലിയുള്ള തീർഥാടനങ്ങളും നടക്കും.
ഡിസംബർ ഏഴിനു പുലർച്ചെ 5.30 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിയോടെ തീർഥാടനം സമാപിക്കും. മരിയൻ തീർഥാടനത്തോടനുബന്ധിച്ച് ചെമ്പേരിയിൽ മരിയൻ എക്സിബിഷൻ സംഘടിപ്പിക്കും. ആലക്കോട്, എടൂർ പള്ളികളിൽ ഡിസംബർ ആറിനു വൈകുന്നേരം അഞ്ചുമുതൽ വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന ഉൾപ്പെടെയുള്ള മരിയൻ സന്ധ്യ ഉണ്ടായിരിക്കും.
ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ഡിസംബർ ആറിനു വൈകുന്നേരം ആറുമുതൽ അഖണ്ഡ ജപമാലയും ആരാധനയും നടക്കും. തീർഥാടനത്തിനുള്ള വിപുലമായ ഒരുക്കങ്ങൾക്കു വേണ്ടി കമ്മിറ്റികൾ രൂപീകരിക്കാൻ നിർദേശം നൽകി.
ചെമ്പേരി, ചെമ്പന്തൊട്ടി, എടൂർ, പൈസക്കരി, ആലക്കോട്, വായാട്ടുപറമ്പ്, നെല്ലിക്കാംപൊയിൽ, മണിക്കടവ്, കുന്നോത്ത് എന്നീ ഫൊറോനകളിൽ ഫൊറോന കൗൺസിലുകളും ഇടവകകളിൽ പാരിഷ് കൗൺസിൽ യോഗങ്ങളും ചേർന്ന് മരിയൻ തീർഥാടനത്തിന്റെ നടത്തിപ്പിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർദേശിച്ചു. മലബാറിലെ ഏറ്റവും വലിയ തീർഥാടനമായി സംഘടിപ്പിക്കുന്ന മരിയൻ തീർഥാടനം എല്ലാവർഷവും ഡിസംബർ മാസത്തിലെ അമലോത്ഭവ തിരുനാളുമായി ബന്ധിപ്പിച്ചാണു നടത്തുന്നത്.