ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ മലയോര ടൗണുകളിൽ ഒന്നാണ് കരിക്കോട്ടക്കരി. 1940 കളിലാണ് ഇങ്ങോട്ടുള്ള കുടിയേറ്റത്തിന്റെ ആരംഭം. അഞ്ചുകുന്നുകളുടെ നാടായ അയ്യൻകുന്നിലെ മലനിരകളുടെ സമതല ഭൂമിയായ കരിക്കോട്ടക്കരി ഉൾപ്പെടുന്ന പ്രദേശം ഫലഭൂയിഷ്ടിയുള്ള കാർഷിക ഭൂമിയാണ്. കരിപോലെ കറുത്ത മണ്ണുള്ള പ്രദേശമായതുകൊണ്ടാണ് കരിക്കോട്ടക്കരി എന്ന പേരു വന്നതെന്നാണ് പറയുന്നത്. കുടിയേറ്റ കാലത്ത് ഇവിടുത്തെ പ്രധാന വരുമാന മാർഗം കരിച്ചൂളകളായിരുന്നു. കോട്ടപോലെ കരി കൂട്ടിയിട്ടിരുന്ന പ്രദേശമായതുകൊണ്ട് കരിക്കോട്ടകരി എന്ന പേരിലേക്ക് എത്തിയെന്നതുമാണ് കേട്ടുകേൾവികൾ.
മലബാറിലേക്കുള്ള കുടിയേറ്റം
കാവുങ്കൽ, പൂത്തോട്ടൽ കുടുംബങ്ങളാണ് ഇവിടുത്തെ ആദ്യകാല കുടിയറ്റക്കാർ. പിന്നീട് ബന്ധുക്കളും പരിചയക്കാരുമായി നിരവധി ആളുകൾ ഇവിടേക്ക് എത്തിച്ചേർന്നു. ആദ്യം വിശ്വാസികൾക്ക് ഒത്തുകൂടാൻ വലിയപറമ്പുംകരിയിൽ ജന്മി സൗജന്യമായി നൽകിയ സ്ഥലത്ത് ഓലമേഞ്ഞ ഒരു പള്ളി സ്ഥാപിച്ചു. പിന്നീടാണ് ഇന്നുകാണുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നത്. പിന്നീട് സ്കൂൾ, റോഡുകൾ, പാലങ്ങൾ അങ്ങനെ പടിപടിയായി കരിക്കോട്ടക്കരി വളരുകയായിരുന്നു.
കരിക്കോട്ടക്കരിയുടെ ചുറ്റുവട്ടങ്ങളിലെ എടപ്പുഴ, വാളത്തോട്, ഉരുപ്പുംകുറ്റി, ഈന്തുംകരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് കരിക്കോട്ടക്കരിയെയാണ്. പള്ളി, സ്കൂൾ, പ്രാഥമിക ആരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, കൃഷിഭവൻ, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇന്ന് കരിക്കോട്ടക്കരിയിൽ പ്രവർത്തിക്കുന്നത്. മലയോര ഹൈവേ ഉൾപ്പെടെ കരിക്കോട്ടക്കരിയിലൂടെ കടന്നുപോകുമ്പോൾ ഗതാഗത സൗകര്യം ഉൾപ്പെടെ വളരെയേറെ മെച്ചപ്പെട്ടു.
കരിക്കോട്ടക്കരി-വാളത്തോട് റോഡ്
30 വർഷമായി പുനർനിർമിക്കാത്ത കരിക്കോട്ടക്കരി-വാളത്തോട് റോഡ് അടിയന്തരമായി വീതികൂട്ടി പുനർനിർമിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. ആയിരകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് രണ്ടു വാഹനങ്ങൾ പരസ്പരം കടന്നുപോകാൻ ബുദ്ധിമുട്ടുന്ന വിധം വളരെ ഇടുങ്ങിയ റോഡാണ്. ഇവിടെ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽപ്പെടുന്നതും പതിവാണ്.
മാഞ്ചോട് പാലം
2018 ലെ പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലം പ്രളയ ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും വാക്കുപാലിച്ചിട്ടില്ല.
പലപ്പോഴായി കോടികളുടെ കണക്കുകൾ പറഞ്ഞുകൊണ്ട് ഉയരുന്ന ഫ്ലക്സുകൾ അല്ലാതെ മറ്റൊരു പുരോഗതിയും പാലം നിർമാണത്തിൽ നടന്നിട്ടില്ല. 150 ഓളം കുടുംബങ്ങളും വിദ്യാർഥികളും മഴക്കാലമായാൽ അഞ്ചു കിലോമീറ്ററുകളോളം ചുറ്റിവളയേണ്ട അവസ്ഥയിലാണ്.
വില്ലേജ് കെട്ടിടം
അങ്ങാടിക്കടവ് വില്ലേജിനെ രണ്ടായി വിഭജിച്ചാണ് മൂന്നുവർഷം മുന്പ് കരിക്കോട്ടക്കരി വില്ലേജ് നിലവിൽ വന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിന് ഒരുവർഷം മുന്പ് സ്ഥലം അനുവദിച്ച് കിട്ടിയെങ്കിലും കെട്ടിട നിർമാണത്തിന് യാതൊരു നടപടികളും ഇനിയും ആയിട്ടില്ല.
നിരീക്ഷണ കാമറകൾ
വർഷങ്ങൾക്ക് മുന്പ് ടൗണിലെ വ്യാപാരികൾ സ്ഥപിച്ച നിരീക്ഷണ കാമറകൾ പ്രവർത്തന രഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ടൗണിലെ അടിയന്തിര ആവശ്യങ്ങളിൽ ഒന്നാണ് സിസിടിവി കാമറകൾ.
വന്യമൃഗ ശല്യം
കരിക്കോട്ടകരിയുടെ സമീപ പ്രദേശങ്ങളായ എടപ്പുഴ, വാളത്തോട്, ഉരുപ്പുംകുറ്റി, ഈന്തുംകരി തുടങ്ങിയ മേഖലകളിൽ കാട്ടാന, കാട്ടുപന്നി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.
കൃഷി മാത്രമല്ല മനുഷ്യ ജീവനും ഭീഷണിയാകുന്ന രീതിയിലാണ് വന്യമൃഗങ്ങളുടെ താണ്ഡവം. ആദിവാസി സങ്കേതങ്ങൾ, മറ്റ് പഞ്ചായത്ത് റോഡുകൾ ഉൾപ്പെടെ രണ്ടുവർഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന മലയോര ഹൈവേയുടെ നിർമാണം ഉൾപ്പെടെ നിരവധി അടിയന്തിര ആവശ്യങ്ങളാണ് ഇനിയും പൂർത്തീകരിക്കേണ്ടത്. മറ്റൊന്ന് ടൗണിൽ എത്തുന്നവർക്ക് ഉപയോഗിക്കാൻ പൊതുശുചിമുറി ഇല്ലെന്നതാണ്.
സ്വന്തം ലേഖകൻ