ആലക്കോട്: കേരളത്തിലെ കർഷകരുടെ ദുരിതത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ എട്ടുവർഷത്തെ കർഷക ദ്രോഹ ഭരണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കർഷകർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഇതുവരെ കഴിഞ്ഞോയെന്ന് നെഞ്ചത്ത് കൈവച്ച് പറയാൻ പിണറായിക്കും സിപിഎമ്മിനും ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. കടബാധ്യത മൂലം ആത്മഹത്യ ചെയ്ത പാത്തൻപാറയിലെ കർഷകൻ എടപ്പാറക്കൽ ജോസിന്റെ കുടുംബത്തിന് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം കരുവഞ്ചാലിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസിന്റെ ഭാര്യ ലിസി താക്കോൽ ഏറ്റുവാങ്ങി. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ, ഫാ. ജോസഫ് ഈനാച്ചേരിൽ, തോമസ് വെക്കത്താനം, ബേബി ഓടംപള്ളിൽ, റോയി തങ്കച്ചൻ, ജോസ് പൂമല, ജോസ് വട്ടമല, മുഹമ്മദ് പനക്കൽ, എം.ഒ. ചന്ദ്രശേഖരൻ, ജോസ് പറയൻകുഴി, ടി.സി. പ്രിയ, വി.എ. റഹിം, റോയി ഈറ്റക്കൽ, സെബാസ്റ്റ്യൻ വിലങ്ങോലിൽ, ബാബു പള്ളിപ്പുറം, എ.ഡി. സാബു എന്നിവർ പ്രസംഗിച്ചു.