പയ്യാവൂർ: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പരിപാലന സംസ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുള്ള പയ്യാവൂർ പഞ്ചായത്തിലെ സ്കൂളുകൾക്ക് ഹരിത വിദ്യാലയ പദവി നൽകി. പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, വാർഡ് അംഗം പ്രഭാവതി മോഹൻ, സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, സീനിയർ അസിസ്റ്റന്റ് കെ.എ. ആൻസി എന്നിവർ പ്രസംഗിച്ചു. ചാമക്കാൽ ഗവ. എൽപി സ്കൂൾ, ചാമക്കാൻ എസ്എൻ എയുപി സ്കൂൾ, ചന്ദനക്കാംപാറ ചെറുപുഷ്പ എൽപി, യുപി സ്കൂളുകൾ, ചമതച്ചാൽ ഗവ. എൽപി സ്കൂൾ എന്നീ വിദ്യാലയങ്ങളാണ് മികച്ച സ്കോറുകളോടെ എ പ്ലസ് പദവിക്കർഹരായത്.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഇനി ഹരിത അങ്കണവാടികൾ. കുഞ്ഞുനാളുകളിൽ തന്നെ ശുചിത്വബോധം വളർത്തിക്കൊണ്ടുവരുന്നതിനാണ് അങ്കണവാടികളെ ഹരിത അങ്കണവാടികളായി മാറ്റി ആ രീതിയിലുള്ള പ്രവർത്തനം നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഹരിത അങ്കണവാടി ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു. ശുചിത്വമിഷൻ അസി. കോ-ഓഡിനേറ്റർ കെ.ആർ. അജയകുമാർ ഹരിത പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, മെംബർമാരായ മനു തോമസ്, എം. അജ്മൽ, ആൻസി സണ്ണി, പി. നസീറ, ഷേർളി ചാക്കോ, സി. പദ്മനാഭൻ, ഐസിഡിഎസ് സൂപ്പർവൈസർ ടി.വി. ശ്യാമള, ഹെൽത്ത് ഇൻസ്പെക്ടർ ജയനീഷ് ജയരാജ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. രഞ്ചിത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് എം.ആർ. ലക്സിമോൾ, ഹരിത കേരളം മിഷൻ ആർപി വി. സഹദേവൻ, പി.എം. സുജന, കെ.വി. ജനാർദ്ദനൻ, ടി.ബി. വത്സല, എം. റുഖിയ, എസ്. സുകുമാരി, ജെസി ജോസഫ്, ഷീബ ഉണ്ണികൃഷ്ണൻ, എം. യശോദ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 11 വിദ്യാലയങ്ങളിലും, 16 സ്ഥാപനങ്ങളിലും ഹരിത പ്രഖ്യാപനം നടത്തി.
ശ്രീകണ്ഠപുരം: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിലെ വിവിധ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങൾ ആയി നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന പ്രഖ്യാപനം നടത്തി. ഇതിനായി നഗരസഭയിലെ വിവിധ സ്കൂളുകൾ സ്ഥാപനങ്ങൾ ഓഫീസുകൾ എന്നിവ ഹരിത സ്ഥാപനങ്ങൾ ആയി പ്രഖ്യാപിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ചന്ദ്രാഗദൻ അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. ജോസഫ് കൊന്നക്കൽ, ജോസഫിന, കൗൺസിലർ ബാബു മാണി, സെക്രട്ടറി ടി.വി. നാരായണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സതീശൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പി.പി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം നഗരസഭ പരിധിയിലുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.