കൽപ്പറ്റ: സഹകരണ നിയമ ഭേദഗതി സംഘങ്ങൾക്കും ജീവനക്കാർക്കും ബാധ്യതയാകുമെന്ന് കേരള കോഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭേദഗതി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടു.
സഹകരണ ജീവനക്കാർ ശക്തമായ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സമീപനമാണ് സഹകരണ ഭേദഗതിയിലൂടെ സർക്കാർ സ്വീകരിക്കുന്നത്. ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
കേരള ബാങ്കിലുള്ള സംഘങ്ങളുടെ കരുതൽ തുക പുതിയ നിധിയുടെ പേരിൽ സർക്കാർ നിയന്ത്രണത്തിലേക്കു മാറ്റാനുള്ള നീക്കം അപലപനീയമാണ്. സംഘങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കേരള ബാങ്കിൽ സംഘങ്ങളുടെ പേരിലുള്ള പണം അടിച്ചുമാറ്റാനാണ് സർക്കാർ ശ്രമം.
കേരള ബാങ്കിലുള്ള സഹകരണ സംഘങ്ങളുടെ ഓഹരിക്ക് ന്യായമായ ഡിവിഡൻഡ് നൽകണം. സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ, ജീവനക്കാരുടെ പ്രമോഷൻ, അപെക്സ് സ്ഥാപനങ്ങളിലേക്കുള്ള റിസർവേഷൻ, പെൻഷൻ പരിഷ്കരണം, ശന്പള പരിഷ്കരണ കമ്മിറ്റി നിയമനം, കുടിശിക ക്ഷാമബത്ത എന്നിവയിൽ ജീവനക്കാരെ കബളിപ്പിക്കുന്ന സമീപനമാണ് ഉത്തരവാദപ്പെട്ടവർ സ്വീകരിക്കുന്നത്.
സഹകരണ മേഖലയുടെ വളർച്ചയ്ക്ക് അഹോരാത്രം പ്രവർത്തിക്കുന്ന ജീവനക്കാർക്ക് മതിയായ വിദ്യാഭ്യാസ യോഗ്യത നേടിയാലും പ്രമോഷൻ ടെസ്റ്റ് വിജയിച്ചാലും ചില പ്രത്യേക നിബന്ധനകൾ അടിച്ചേൽപ്പിച്ചു സ്ഥാനക്കയറ്റം നിഷേധിക്കുകയാണ്. ജീവനക്കാർ കഠിനാധ്വാനം ചെയ്തു നിക്ഷേപം ഉയർത്തിയാൽ ഉദ്യോഗക്കയറ്റ സാധ്യത ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്.
കാർഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു പലിശ സബ്സിഡി അനുവദിച്ചതിലൂടെയും കടാശ്വാസ കമ്മീഷൻ ഉത്തരവിലൂടെ വായ്പാ കണക്ക് അവസാനിപ്പിച്ചതിലൂടെയും സംഘങ്ങൾക്ക് ലഭിക്കാനുള്ള കോടിക്കണക്കിനു രൂപയെക്കുറിച്ച് സർക്കാരിന് മിണ്ടാട്ടമില്ല. ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിന് സർക്കാർ ഉത്തരവാകുന്നില്ല.
അശാസ്ത്രീയ ക്ലാസിഫിക്കേഷൻ നിബന്ധനകൾ സംഘങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്. കാർഷിക വായ്പകളിൽ സംഘങ്ങളിൽനിന്നു അന്യായമായി ഈടാക്കിയ പിഴപ്പലിശ തിരികെ ലഭ്യമാക്കാൻ കേരള ബാങ്ക് തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങളുടെയും ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങളോട് മുഖംതിരിക്കുന്നതു തുടർന്നാൽ റിലേ സത്യഗ്രഹം അടക്കം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സി. ലൂക്കോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ഡി. ഷിജു അധ്യക്ഷത വഹിച്ചു. കെ. സുനിൽ, വി.എൻ. ശ്രീകുമാർ, കെ. ഗോപകുമാർ, വി.എം. ജിഷ, വിജയേശ്വരി, പി. ശ്രീഹരി, എം.ജി. ബാബു, പി.എൻ. സുധാകരൻ, സജി മാത്യു, പി. ജിജി, ബിജു നരിപ്പാറ, കെ.ടി. ശ്രീജിത്ത്, ജിഷ ആനന്ദ്, വി.ഡി. ഷാജു, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.