കിതപ്പു തുടർന്ന് ഓഹരി വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, December 30, 2024 1:10 AM IST
രണ്ടു വർഷത്തെ കനത്ത പ്രതിവാര തകർച്ചയ്ക്കു ശേഷം ഒരു ശതമാനം നേട്ടം തിരിച്ചുപിടിച്ചെങ്കിലും വിപണിക്ക് കരടിവലയത്തിൽനിന്ന് ഇനിയും രക്ഷനേടാനായില്ല. കഴിഞ്ഞവാരം സെൻസെക്സ് 657 പോയിന്റും നിഫ്റ്റി സൂചിക 225 പോയിന്റും ഉയർന്നു, എന്നാൽ, ഇത് കാളകളുടെ തിരിച്ചു വരവിന്റെ കുളന്പടിയായി വിലയിരുത്താനാവില്ല. സാങ്കേതികമായി വീക്ഷിച്ചാൽ കരടികൾക്കൊപ്പം ഊഹക്കച്ചവടക്കാർ വിപണിയിൽ കൈവരിച്ച ആധിപത്യം തുടരുന്നു.
പിന്നിട്ട വാരം സൂചന നൽകിയതാണ് ഏറെ നിർണായകമായ 23,874ലെ സപ്പോർട്ട് നഷ്ടപ്പെട്ടത് വിപണിയുടെ മുഖഛായ മാറ്റിമറിക്കാമെന്ന കാര്യം. അതേ ഈ വർഷം ഒരു തിരിച്ചു വരവിനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. കഴിഞ്ഞവാരം സൂചിപ്പിച്ച 23,167ലെ ആദ്യ താങ്ങ് ക്രിസ്മസ് വേളയിൽ നിലനിർത്താൻ വിപണിക്കായത് ബുൾ ഓപ്പറേറ്റർമാർക്ക് ആത്മവിശ്വാസം പകരുന്നു.
മുൻവാരത്തിലെ 23,587 പോയിന്റിൽനിന്നും തിരിച്ചുവരവിൽ സൂചിക 23,938 പോയിന്റിലേയ്ക്ക് ഉയർന്നെങ്കിലും വ്യാപാരാന്ത്യം 23,813ലാണ്. അതേസമയം 23,874ന് മുകളിൽ ക്ലോസിംഗ് വേളയിൽ ഇടം കണ്ടത്താനാകാഞ്ഞത് ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു. ഈവാരം ആദ്യ പ്രതിരോധം 23,951 പോയിന്റിലാണ്. ഇത് തകർക്കാനായാൽ 24,089നെ വിപണി ലക്ഷ്യമാക്കും. എന്നാൽ, വീണ്ടും തിരുത്തലിന് ശ്രമം തുടർന്നാൽ 23,661ലും 23,509 പോയിന്റിലും സപ്പോർട്ടുണ്ട്. നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ട് വീക്ഷിച്ചാൽ ഇൻഡിക്കേറ്റുകൾ പലതും വിൽപ്പനക്കാർക്ക് അനുകൂലമാണ്.
നിഫ്റ്റി ജനുവരി ഫ്യൂച്ചറുകൾ 24,000ലാണ് നിലകൊള്ളുന്നത്. 24,200 റേഞ്ചിൽ പ്രതിരോധം നേരിടാനുള്ള സാധ്യതകളാണ് ചാർട്ട് നൽക്കുന്നത്. ഈ പ്രതിരോധം തകർക്കാനായാൽ ജനുവരി മധ്യം 25,000 വരെ സഞ്ചരിക്കാനുള്ള സാധ്യത. എന്നാൽ, ആദ്യ പ്രതിരോധമായ 24,200ൽ ജനുവരി ഫ്യുച്ചറിന് കാലിടറിയാൽ തിരുത്തൽ 23,000 വരെ തുടരാം.
സെൻസെക്സ് 78,041 പോയിന്റിൽനിന്നും 78,190ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യത്തിലെ തിരിച്ചുവരവിൽ 78,699ലേയ്ക്ക് ഉയർന്നു. ഈവാരം സൂചികയ്ക്ക് 78,245ൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 77,791ലേക്ക് സാങ്കേതിക തിരുത്തലിന് മുതിരാം. വിപണി മികവിന് ശ്രമിച്ചാൽ 79,098-79,497 പോയിന്റിൽ പ്രതിരോധം തല ഉയർത്താമെങ്കിലും ഇത് തകർക്കാനായാൽ ജനുവരിയിൽ സെൻസെക്സ് 80,350നെ ലക്ഷ്യമാക്കി നീങ്ങും.
വിദേശ ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ വില്പന സമ്മർദം വർഷാന്ത്യത്തിലും തുടരുന്നു. ഇടപാടുകൾ നടന്ന നാല് ദിവസവും വില്പനക്കാരായി നിലകൊണ്ട് മൊത്തം 6322.88 കോടി രൂപയുടെ ഓഹരി വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ ദിവസവും നിക്ഷേപകരായി നിറഞ്ഞുനിന്ന് 10,927.73 കോടി രൂപയുടെ വാങ്ങൽ നടത്തി. രണ്ടാഴ്ച്ചകളിൽ അവരുടെ നിക്ഷേപം 23,035.09 കോടി രൂപയാണ്. ഈ വർഷം ആദ്യ പതിനൊന്ന് മാസങ്ങളിൽ ആഭ്യന്തര ഫണ്ടുകളുടെ മൊത്തം നിക്ഷേപം 2,87,235 കോടി രൂപയാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് റിക്കാർഡ് തകർച്ച. ഡോളർ ശേഖരിക്കാൻ സംഘടിതമായി ഫണ്ടുകൾ രംഗത്തിറങ്ങിയതോടെ രൂപയുടെ മൂല്യം 85.01ൽനിന്നും 85.81ലേയ്ക്ക് ഇടിഞ്ഞശേഷം 85.54ലാണ്. ജൂൺ നാലിന് ശേഷം ഒറ്റദിവസം രൂപയ്ക്ക് നേരിടുന്ന ഏറ്റവും കനത്ത പ്രഹരമാണ് വെള്ളിയാഴ്ച്ച വിപണി ദർശിച്ചത്. ഇന്ന് വിനിമയ മൂല്യം 85.37ലേയ്ക്ക് കരുത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമം വിജയിച്ചാൽ പുതുവർഷാഘോഷ വേളയിൽ രൂപ 85.20ലേയ്ക്ക് ശക്തിപ്രാപിക്കാം.
രാജ്യത്തിന്റെ സമ്പദ്ഘടന പരിങ്ങലിൽ നീങ്ങുന്നതിനിടയിൽ നാണയപ്പെരുപ്പം ഉയരുന്നത് തടയാൻ കേന്ദ്ര ബാങ്കിനായില്ലെങ്കിൽ പുതുവർഷം വിനിമയ നിരക്ക് 88ലേയ്ക്കും സഞ്ചരിക്കാം. വിദേശ ഫണ്ടുകൾ ഇന്ത്യയിലെ ബാധ്യതകൾ കുറച്ച് വാല്യുവേഷൻ താരതമേന്യ കുറഞ്ഞ ചൈനയിൽ നിക്ഷേപിക്കാൻ ഒക്ടോബർ മുതൽ ഉത്സാഹിച്ചത് സെൻസെക്സിലും നിഫ്റ്റിയിലും വിള്ളലുളവാക്കി.
ആഗോള സ്വർണ വിപണി പിന്നിടുന്ന വർഷത്തിൽ ട്രോയ് ഔൺസിന് 800 ഡോളർ ചാഞ്ചാടി. വർഷാരംഭത്തിൽ 1991 ഡോളറിൽനിന്നും ഒക്ടോബറിൽ റിക്കാർഡായ 2791 ഡോളർ വരെ കയറി. വാരാന്ത്യം സ്വർണം 2621 ഡോളറാണ്. ജനുവരി-ഡിസംബർ 29 കാലയളവിൽ ഔൺസിന് 558 ഡോളറാണ് സ്വർണ വില വർധിച്ചത്.
പുതുവർഷം ഡോളറിനു മുന്നിൽ യൂറോ, ബ്രിട്ടീഷ് പൗണ്ട്, കനേഡിയൻ ഡോളർ, ഓസ്ട്രേലിയൻ ഡോളർ, ജാപ്പനീസ് യെൻ തുടങ്ങിയവയെ ബാധിച്ചിരിക്കുന്ന തളർച്ച തുടരാം. ഫണ്ടുകൾ ഡോളർ വാങ്ങി ഇതര നാണയങ്ങൾ വിൽക്കാനുള്ള പ്രവണത നിലനിർത്താം.
ഏപ്രിലോട് കൂടി ഡോളറിന് തളർച്ച നേരിട്ട് തുടങ്ങിയാൽ പിന്നെ തിളങ്ങുക സ്വർണമാകും. ഒരു ബുൾ റാലി അലയടിച്ചാൽ സ്വർണം 3000 ഡോളറിന് മുകളിൽ ഇടം പിടിക്കും.