രജിസ്ട്രേഷൻ ഇല്ലാതെ നിക്ഷേപ ഉപദേശം ; യൂട്യൂബർക്കെതിരേ നടപടി
Friday, December 20, 2024 12:49 AM IST
മുംബൈ: രജിസ്ട്രേഷൻ ഇല്ലാതെ നിക്ഷേപ ഉപദേശം നൽകിയതിൽ യൂട്യൂബർക്കെതിരേ നടപടിയെടുത്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി).
19 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബറായ രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ സ്ഥാപനം രവീന്ദ്ര ഭാരതി എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനുമെതിരേയാണ് സെബി നടപടി.
നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ സന്പാദിച്ച 9.5 കോടിരൂപ തിരിച്ചടക്കണമെന്നാണ് സെബിയുടെ ഉത്തരവ്. 2025 ഏപ്രിൽ 4 വരെ സെക്യൂരിറ്റീസ് മാർക്കറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
അനുമതിയില്ലാത്ത നിക്ഷേപ ഉപദേശങ്ങൾ, വ്യാപാര ശിപാർശകൾ, നിർവഹണ സേവനങ്ങൾ എന്നിവയിലൂടെ ഭാരതിയും അദ്ദേഹത്തിന്റെ കന്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിച്ചതായി സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
രണ്ട് യൂട്യൂബ് ചാനലുകളിലായി 19 ലക്ഷം സബ്സ്ക്രൈബർമാരുള്ള ഭാരതി, തന്നെ പിന്തുടരുന്നവർക്ക് അപകടകരമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സ്വാധീനം പ്രയോജനപ്പെടുത്തിയതായി കണ്ടെത്തി.
സാന്പത്തിക പിഴകൾക്കും തിരിച്ചടവ് ഓർഡറിനും പുറമേ, 2025 ഏപ്രിൽ വരെ ഏതെങ്കിലും സെക്യൂരിറ്റീസ് മാർക്കറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് ഭാരതിക്കും അദ്ദേഹത്തിന്റെ കന്പനിക്കും നിരവധി അസോസിയേറ്റുകൾക്കും സെബി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരതിക്കും കൂട്ടാളികൾക്കും 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.