ഡ്രീംസ് മാളില്‍ ലുലു ഡെയ്ലിയും ലുലു കണക്ടും തുറന്നു
Friday, December 20, 2024 12:48 AM IST
കൊല്ലം: കേരളത്തിന്റെ സഹകരണമേഖലയ്ക്കു പിന്തുണയുമായി ദേശിംഗനാട് റാപ്പിഡ് ഡെവലപ്മെന്റ് ആന്‍ഡ് അസിസ്റ്റന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലെ ഡ്രീംസ് മാളില്‍ ലുലു ഡെയിലിയും ലുലു കണക്ടും തുറന്നു.
കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് പുതിയ ലുലു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ ഉദ്ഘാടനം ചെയ്തു. ഡ്രീംസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്. ഫത്തഹുദ്ദീന്‍, സെക്രട്ടറി ബെന്നി ജോണ്‍, മയ്യനാട് ഗ്രാമപഞ്ചായത്ത് മെംബര്‍ പി. സോണി എന്നിവര്‍ സന്നിഹിതരായിരുന്നു.
സഹകരണമേഖലയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കൊട്ടിയത്തെ ലുലു ഊര്‍ജമേകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പറഞ്ഞു.
36 കോടിയോളം രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയത്. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഡ്രീംസ് മാളില്‍ രണ്ടു നിലകളിലായി 45,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. 39,000 ചതുരശ്ര അടി വിസ്തീർണത്തിൽ സൂപ്പര്‍ മാര്‍ക്കറ്റും, 6000 ചതുരശ്ര അടി വിസ്തീർണത്തിൽ ലുലു കണക്ടും ആഗോള ഷോപ്പിംഗ് അനുഭവമാണു സമ്മാനിക്കുക. 600ലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും. മികച്ച വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ലുലു ഇന്ത്യ സിഇഒ ആന്‍ഡ് ഡയറക്ടര്‍ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷ്റഫ്, ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്സ്, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിംഗ് ഹെഡ് ദാസ് ദാമോദരന്‍, ലുലു കൊട്ടിയം ജനറല്‍ മാനേജര്‍ ഷജറുദീന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.