യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചു
Friday, December 20, 2024 12:48 AM IST
ന്യൂയോർക്ക്: യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചു. 25 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.25 ശതമാനം മുതൽ 4.50 ശതമാനം വരെയുള്ള പരിധിയിലായി.
തുടർച്ചയായി മൂന്നാം തവണയാണ് യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. അടുത്ത വർഷം രണ്ടു തവണ കൂടി പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയെന്ന് യുഎസ് കേന്ദ്ര ബാങ്ക് വിലയിരുത്തി. ഇതിനു പിന്നാലെ യുഎസിലെ പ്രധാന മൂന്നു സൂചികകൾ ഇടിഞ്ഞു. ആഗോള വിപണി ഒന്നടങ്കം നഷ്ടമുണ്ടായി.
പണപ്പെരുപ്പനിരക്ക് ആശങ്കയായി തുടരുന്നതായി യുഎസ് ഫെഡറൽ റിസർവ് അറിയിച്ചു. പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തിൽ എത്തിക്കുക എന്നതാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം.
തൊഴിലവസരങ്ങളെ പരമാവധി പിന്തുണയ്ക്കുകയും പണപ്പെരുപ്പം അതിന്റെ രണ്ടു ശതമാനം ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരുകയുമാണ് ലക്ഷ്യമെന്ന് കമ്മിറ്റി വ്യക്തമാക്കി.പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തിന് മുകളിൽ നിൽക്കുന്നത് സന്പദ്വ്യവസ്ഥയ്ക്ക് ഗുണകരമല്ലെന്നും കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നൽകി.
ഈ വർഷത്തിന്റെ തുടക്കത്തെ അപേക്ഷിച്ച് തൊഴിൽ വിപണി സാഹചര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. എന്നിരുന്നാലും, ഇത് താഴ്ന്ന നിലയിലാണെന്ന് കേന്ദ്രബാങ്ക് അധ്യക്ഷൻ ജെറോം പവൽ പറഞ്ഞു.
ഡോളറിനെതിരേ രൂപയുടെ മൂല്യം റിക്കാർഡ് ഇടിവിൽ
യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരി വിപണിയിലൊന്നടങ്കം ഇടിവുണ്ടായി. ഇന്ത്യൻ ഓഹരി വിപണികൾ തുടർച്ചയായ മൂന്നാം ദിനവും ഇടിഞ്ഞു.
ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ നഷ്ടത്തിനൊപ്പം രൂപ ഡോളറിനെതിരേ അതിന്റെ എക്കാലത്തെ വലിയ താഴ്ചയിലാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം 85 കടന്നു. 12 പൈസ ഇടിഞ്ഞ് 85.06ലാണ് വ്യാപാരം അവസാനിച്ചത്.
രൂപയുടെ മൂല്യം 84ൽനിന്ന് 85ലേക്കു കുറയാൻ രണ്ടു മാസമെടുത്തപ്പോൾ 83ൽ നിന്ന് 84ലേക്ക് എത്താൻ ഏകദേശം 14 മാസമെടുത്തു. 82ൽ നിന്ന് 83ലേക്ക് കുറയാൻ 10 മാസമെടുത്തു.