പ്രതീക്ഷിച്ച വളർച്ചയില്ലാതെ ചൈന
Wednesday, January 17, 2024 11:31 PM IST
ബെയ്ജിംഗ്: മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗം കുറഞ്ഞ വളർച്ചയുമായി ചൈന. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുപ്രകാരം 5.2 ശതമാനമാണു കഴിഞ്ഞ വർഷം രാജ്യത്തിന്റെ ജിഡിപി വളർച്ച (17.6 ട്രില്ല്യൻ ഡോളർ). ഈ കണക്ക് സർക്കാർ ലക്ഷ്യമിട്ടതിന്റെ അയലത്തുപോലും എത്തുന്നില്ല.
റിയൽ എസ്റ്റേറ്റ് പ്രതിസന്ധി, ഉപഭോഗത്തിലുണ്ടായ ഇടിവ്, ആഗോള പ്രതിസന്ധികൾ എന്നിവയാണു ചൈനയ്ക്കു തിരിച്ചടിയായത്. പുതിയ കണക്കുകൾ പുറത്തുവന്നതോടെ, ബിസിനസ് പ്രോത്സാഹിപ്പിക്കാനും ഉപഭോഗം വർധിപ്പിക്കാനുമുള്ള മെച്ചപ്പെട്ട നടപടികൾക്കായി ഉദ്യോഗസ്ഥർക്കുമേൽ സർക്കാരിന്റെ സമ്മർദമുണ്ടാകും.
2022ൽ വെറും മൂന്നു ശതമാനമായിരുന്നു ചൈനയുടെ ജിഡിപി വളർച്ച. കോവിഡ് പ്രതിസന്ധിയുടെ തുടർച്ചയാണ് ഇത്. കോവിഡ് കാലത്തെ കണക്കുകൾ ഒഴിച്ചുനിർത്തിയാൽ, 1990നുശേഷമുള്ള ചൈനയുടെ ഏറ്റവും മോശം പ്രകടനവും ഇതായിരുന്നു.
അതേസമയം, 2022ൽ അമേരിക്കയുടെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും വളർച്ചാക്കണക്കുകൾ നോക്കുന്പോൾ, ചൈനയുടെ നിലവിലെ 5.2 ശതമാനം വളർച്ച ഭേദവുമാണ്.
കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ചൈന തുടർച്ചയായ മൂന്നാം മാസവും പണച്ചുരുക്കത്തിലാണ്. ഇത് ഉപഭോഗം ചുരുക്കാനുള്ള ജനങ്ങളുടെ ത്വര വർധിപ്പിക്കും. അമേരിക്കയുമായുള്ള പ്രശ്നങ്ങളും ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനവും ചൈനീസ് സന്പദ്വ്യവസ്ഥയ്ക്കുമേൽ ഇടിത്തീയായി.