മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍
Wednesday, March 26, 2025 11:58 PM IST
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐഐഎ) കൊച്ചി സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആര്‍ക്കിടെക്ടുകളുടെ അന്താരാഷ്ട്ര സമ്മേളനം മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ നാളെയും 29നും കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി ഏഴു പ്രധാന പ്രഭാഷണങ്ങള്‍ക്ക് സമ്മേളനം വേദിയാകും.
ലോകമെമ്പാടുമുള്ള മണ്‍സൂണ്‍ റീജണിലെ ആര്‍ക്കിടെക്ടുകളുമായി ആശയവിനിമയം നടത്താനുള്ള അവസരമാണു സമ്മേളനം വഴി ഒരുക്കുകയെന്ന് ചെയര്മാന് സെബാസ്റ്റ്യന്‍ ജോസ്, കണ്‍വീനര്‍ അഭിഷേക് സേവ്യര്‍, ട്രഷറര്‍ ബിനേഷ് സുകുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലഭിച്ച 17 എന്‍ട്രികള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 700 ഓളം ആര്‍ക്കിടെക്ടുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.