ട്രാവന്‍കൂര്‍ റെഡിമിക്സ് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനത്തിനു സ്റ്റേ
Wednesday, January 17, 2024 2:23 AM IST
കൊച്ചി: നെയ്യാറ്റിന്‍കര വെള്ളറട വില്ലേജിലെ ട്രാവന്‍കൂര്‍ റെഡിമിക്സിന്റെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ഹൈക്കോടതി സ്റ്റേ ചെയ്തു. ക്വാറിയുടെ സമീപത്ത് താമസിക്കുന്ന കെ. ശേഖരന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ഉത്തരവ്.
ജില്ലാ പരിസ്ഥിതി ആഘാത പഠന അഥോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, എഡിഎം, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് എന്നിവരില്‍ നിന്ന് ലഭിച്ച അനുമതികളുടെ മറവിലാണ് നിയമം ലംഘിച്ച് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നെയ്യാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ പരിധിക്കകത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണം.
ബ്ലോക്ക് നമ്പര്‍ 35ലെ 21 റീസര്വേകളിലായി സ്ഥിതി ചെയ്യുന്ന 3.63 ഹെക്ടര്‍ സ്ഥലത്താണ് ക്വാറിയുടെ പ്രവര്‍ത്തനം. എന്നാല്‍, ഈ ഭൂമി കോടതി ഉത്തരവ് പ്രകാരം ഭൂ പതിവ് നിയമ പ്രകാരം അനുവദിച്ചിട്ടുള്ളതാണെന്നും പതിച്ചു നല്‍കിയിരിക്കുന്ന പദ്ധതിക്കല്ലാതെ ക്വാറി പ്രവര്‍ത്തനമടക്കം മറ്റ് പരിപാടികള്‍ ഇവിടെ സാധ്യമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഈ വാദങ്ങള്‍ നിലനില്‍ക്കേ ക്വാറി പ്രവര്‍ത്തനം അനുവദിക്കുന്നത് ശരിയായ നടപടിയാവില്ലെന്ന് വിലയിരുത്തിയ കോടതി തുടര്‍ന്ന് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ജില്ലാ കളക്ടര്‍, മൈനിംഗ് ജിയോളജി ഡയറക്ടര്‍, ജില്ലാ പരിസ്ഥിതി എന്‍ജിനിയര്‍, വെള്ളറട ഗ്രാമപഞ്ചായത്ത്, നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ തുടങ്ങിയവര്‍ ഉത്തരവ് നടപ്പാക്കാന്‍ എത്രയുംവേഗം നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.