പച്ചത്തേങ്ങ ന്യായവില: പ്രതീക്ഷയറ്റ് കർഷകർ
ദീപു മറ്റപ്പള്ളി
Sunday, January 7, 2024 11:25 PM IST
കണ്ണൂർ: നാളികേര കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പച്ചത്തേങ്ങയ്ക്കു പ്രഖ്യാപിച്ച ന്യായവില നടപ്പിലായില്ല. 34 രൂപ താങ്ങുവിലയാണ് കഴിഞ്ഞ മേയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്ത് ഒരിടത്തും നടപ്പിലായില്ല.
ഇപ്പോൾ റീട്ടെയിൽ വ്യാപാരികളിൽനിന്ന് ഒരു കിലോ തേങ്ങാ ലഭിക്കണമെങ്കിൽ 40 രൂപയും അതിന് മുകളിലും നല്കണം. കർഷകന് ലഭിക്കുന്നതാകട്ടെ 30 രൂപയിൽ താഴെയും.
തേങ്ങായുടെ അളവ് കൂടുന്നതോടെ കർഷകനു ലഭിക്കേണ്ട വിലയിലും കുറവ് വരുന്നുണ്ട്. സ്വകാര്യ വെളിച്ചെണ്ണ മില്ലുകൾ താരതമേന്യ വില കൂടുതൽ നല്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കർഷകർക്കു ലഭിക്കുന്നില്ല. വിഎഫ്പിസികെ, കേരഫെഡ് എന്നിവയ്ക്കു കീഴിലുള്ള സംഘങ്ങൾക്കാണു നാളികേര ശേഖരണത്തിനുള്ള അവകാശം.
35 രൂപ മുതൽ 80 രൂപ വരെ നല്കിയാണു തെങ്ങുകയറ്റക്കാരെ വിളിക്കുന്നത്. മലബാറിനു പുറത്തുള്ള സ്ഥലങ്ങളിൽ കൂലിക്ക് പുറമേ തേങ്ങാകൂടി നല്കണം. തെങ്ങിന് ഇപ്പോഴത്തെ പരിപാലനച്ചെലവ് കണക്കു കൂട്ടിയാൽ കർഷകർക്കു നഷ്ടം മാത്രമാണു മിച്ചം.