റബർ ആക്ട്: പുതിയ ബില്ലിലെ അപാകതകൾ പരിഹരിക്കണം
Friday, December 15, 2023 12:08 AM IST
മംഗളൂരു: കേന്ദ്ര സർക്കാർ പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ‘റബർ ബിൽ-2023’ലെ കർഷകർക്കെതിരായ അപാകതകൾ പരിഹരിച്ച് നിർദേശങ്ങൾ പുനർനിർണയിക്കണമെന്ന് മംഗളൂരുവിൽ ചേർന്ന റബർ ഉത്പാദക സംഘം (ആർപിഎസ്) പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
റബറിന് ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ നിശ്ചിത വില ഉറപ്പാക്കുക, ബില്ലിൽ റബർ ബോർഡിന്റെ സ്വയംഭരണാവകാശം റദ്ദാക്കുന്ന നിർദേശം പിൻവലിക്കുക, ഇപ്പോഴുള്ള അവകാശങ്ങൾ നിലനിർത്തുക, ബില്ലിലെ ‘ക്രൂഡ് റബർ’ എന്ന പരാമർശത്തിനു വ്യക്തത വരുത്തുക, സ്വാഭാവിക റബറായ കോമ്പൗണ്ട് റബർ നിർവചനത്തിൽ ഉൾപ്പെടുത്തുക, റബർ ഉത്പാദക സംഘങ്ങൾക്കു നൽകിവരുന്ന ഇൻസെന്റീവ് തുടർന്നും ലഭ്യമാക്കുക, ചെറുകിട കർഷകരിൽ താത്പര്യമുള്ളവരുടെ തോട്ടങ്ങൾ ഉദാര വ്യവസ്ഥകളോടെ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുക, രാജ്യത്തെ 80 ശതമാനം സ്വാഭാവിക റബറും ഉത്പാദിപ്പിക്കുന്ന കേരളത്തിൽനിന്നുള്ള റബർ ബോർഡ് അംഗങ്ങളുടെ എണ്ണം എട്ടിൽനിന്ന് ആറായി കുറച്ച നടപടി പിൻവലിക്കുക, ആവർത്തന കൃഷിയും പുതുക്കൃഷിയും നടത്തുന്ന കർഷകർക്കു നൽകുന്ന സബ്സിഡി തുക ഹെക്ടറിന് 25,000 രൂപയെന്നത് ഒരുലക്ഷം രൂപയാക്കി ഉയർത്തുക തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ.
റബർ കർഷകരെ വിഡ്ഢികളാക്കി റബർ വ്യവസായികളെ സഹായിക്കുന്നതിനുവേണ്ടി തയാറാക്കിയ ഈ ബിൽ യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വസന്തേശൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാത്യു എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.