സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
Tuesday, December 5, 2023 1:00 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമായി.
ഡിസംബര്‍ രണ്ടിലെ റിക്കാര്‍ഡ് വിലയാണ് ഇന്നലെ തകര്‍ത്തത്. അന്ന് ഗ്രാമിന് 5,845 രൂപയും പവന് 46,760 രൂപയുമായി ഉയർന്നിരുന്നു. രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് 83.31 ലാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് 65.85 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലും സ്വർണം കയറുകയാണ്. 2142 ഡോളര്‍ വരെ പോയിരുന്നത് ഇപ്പോള്‍ 2087 ഡോളര്‍ രേഖപ്പെടുത്തി. 2077 ഡോളറായിരുന്നു മുന്‍ റിക്കാര്‍ഡ്.
ഇന്നലെ രാവിലെ യുകെ സ്വര്‍ണ മാര്‍ക്കറ്റില്‍ സ്വര്‍ണവില 2142 ഡോളര്‍ വരെയെത്തി ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നപ്പോള്‍ 2087 ആയി കുറഞ്ഞെങ്കിലും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സര്‍വകാല റിക്കാര്‍ഡിലെത്തി.
സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുള്ള വന്‍കിടക്കാര്‍ ലാഭം എടുത്ത് പിന്മാറാതിരുന്നാല് വില വീണ്ടും വര്‍ധിക്കുമെന്നാണ് സൂചനകള്‍. 2200 ഡോളര്‍ മറികടക്കുമെന്ന പ്രവചനങ്ങളും വരുന്നുണ്ട്. വിലവര്‍ധന വിപണിയില്‍ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്. വ്യാപാരം മന്ദഗതിയിലാണ്.