ചെലവു ചുരുക്കാൻ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ്
Saturday, December 14, 2024 1:17 AM IST
ജക്കാർത്ത: ചെലവു ചുരുക്കാൻ പ്രാദേശിക തെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന നിർദേശവുമായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ.
ഇന്തോനേഷ്യയിൽ രാജ്യവ്യാപകമായി രണ്ടു തെരഞ്ഞെടുപ്പുകളാണു നടക്കുന്നത്. ഒന്നാമത്തേതിൽ പ്രസിഡന്റിനെയും ദേശീയ, പ്രാദേശിക നിയമസഭകളെയും തെരഞ്ഞെടുക്കുന്നു.
രണ്ടാമത്തേതിൽ മേയർമാ രെയും ഗവർണർമാരെയും. രണ്ടാമത്തെ തെരഞ്ഞെടുപ്പ് ഒഴിവാക്കാമെന്നാണു പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. പകരം ഗവർണർമാരെയും മേയർമാരെയും പ്രാദേശിക നിയമസഭകൾക്കു നിയമിക്കാം. ഒന്നോ രണ്ടോ ദിവസത്തെ തെരഞ്ഞെടുപ്പുകളിൽ വളരെ വലിയ തുകയാണു ചെലവാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നു പതിറ്റാണ്ടു മുന്പ് പട്ടാള ഏകാധിപതി സുഹാർത്തോ ഭരിച്ചിരുന്ന സമയത്ത് ഗവർണർമാരെയും മേയർമാരെയും പ്രാദേശിക നിയമസഭകളാണു നിയമിച്ചിരുന്നത്. സുഹാർത്തോയുടെ മകളുടെ ഭർത്താവാണു പ്രബോവോ.