സിറിയ ഒഴുകുന്നു സയ്ദ്നായയിലേക്ക്, ഉറ്റവരെ തെരഞ്ഞ്
Wednesday, December 11, 2024 12:18 AM IST
ഡമാസ്കസ്: അറവുശാലയെന്ന് കുപ്രസിദ്ധിയാർജിച്ച സയ്ദ്നായ ജയിലിലേക്ക് സിറിയൻ ജനത ഒഴുകിയെത്തുകയാണ്. എല്ലാവരുടെയും ഉള്ളിലും ഒരാധി കനംതൂങ്ങിനിൽക്കുന്നുണ്ട്. നാളുകളേറെ മുൻപ് പൊടുന്നനെ കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ അവിടെ കണ്ടെത്താനാവുമോ? സിറിയൻ ഏകാധിപതി ബഷാർ അൽ അസദ് വീണതിനു പിന്നാലെയാണ് സെയ്ദ്നായിലേക്ക് ആളുകൾ ഓടിയെത്തിയത്.
ഡമാസ്കസിനു തൊട്ടുവെളിയിൽ അതീവരഹസ്യസ്ഥലത്താണു വിശാലമായ ഈ തടങ്കൽ പാളയം നിലനിൽക്കുന്നത്-ഡമാസ്കസിൽനിന്നു 30 കിലോമീറ്റർ അകലെ റിഫ് ദിമാഷ്ഖ് പ്രവിശ്യയിൽ.
കഴിഞ്ഞ രണ്ടു ദിവസമായി, ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടയാളങ്ങൾക്കായി ജയിലിൽ തെരയുകയാണ്. എന്നാൽ, പലരുടെയും പ്രതീക്ഷകൾ വിഫലമായി. ജയിലിന്റെ കനത്ത ഇരുമ്പു വാതിലുകൾ തുറന്ന ജനക്കൂട്ടത്തിനു പല സെല്ലുകളും ശൂന്യമായി കിടക്കുന്നതാണു കാണാൻ കഴിഞ്ഞത്.
2011ൽ സൈന്യം പിടികൂടിയ സഹോദരനെ തേടിയാണ് ഖാദ അസദ് സെയ്ദ്നായിലെത്തിയത്. അവിടെ അവൾക്ക് അവനെ കണ്ടെത്താനായില്ല. അവരൊക്കെ എവിടെയാണ്? ആ കുട്ടികളൊക്കെ എവിടെ? ഖാദ അസദ് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിക്കുന്നു. സഹോദരനെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ അവൾ ഡമാസ്കസിലെ വീട്ടിൽനിന്നു തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള ജയിലിലേക്ക് ഓടിയെത്തുകയായിരുന്നു.
അസദ് ഭരണകാലത്ത് പ്രത്യേകിച്ച് 2011ലെ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം, ഏതെങ്കിലും തരത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചവരെല്ലാം സയ്ദ്നായയിൽ എത്തി. 2017-ൽ, മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ കണക്കാക്കിയത്, സമൂഹത്തിന്റെ എല്ലാ മേഖലകളിൽന്നുമായി 10,000-20,000 ആളുകൾ അക്കാലത്ത് സയ്ദ്നായയിൽ തടവിലാക്കപ്പെട്ടിരുന്നു എന്നാണ്. കൂട്ടവധശിക്ഷകളിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതായും ആംനസ്റ്റി റിപ്പോർട്ട് ചെയ്തു.
തടവുകാർ നിരന്തരമായ പീഡനത്തിനും ക്രൂരമായ മർദനത്തിനും ബലാത്സംഗത്തിനും വിധേയരായി. പരിക്കുകളോ രോഗമോ പട്ടിണിയോ മൂലം മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങൾ ശേഖരിക്കാൻ ഗാർഡുകൾ മിക്കവാറും എല്ലാ ദിവസവും സെല്ലുകൾ ചുറ്റിനടന്നിരുന്നു.
ഒരു സഹോദരനെയോ കുട്ടിയെയോ ഭർത്താവിനെയോ നഷ്ടപ്പെടാത്ത ഒരു സ്ത്രീയും സിറിയയിലില്ലെന്ന് അന്പത്തിമൂന്നുകാരിയായ ഖൈരിയ ഇസ്മായിൽ പറഞ്ഞു. സൈന്യം പിടികൂടിയ രണ്ട് മക്കളെ തെരഞ്ഞാണ് ഖൈരിയ ഇവിടെ എത്തിയത്.
സൈനികസേവനം ഒഴിവാക്കാൻ മകനെ സഹായിച്ചുവെന്നാരോപിച്ച് ഖൈരിയക്കും ജയിലിൽപോകേണ്ടിവന്നിരുന്നു. റെഡ് പ്രിസൺ എന്ന പേരിൽ ഭൂമിക്കടിയിൽ മൂന്നു നില താഴെ തടവുമുറികളുണ്ട്. അവ ഇതുവരെ തുറക്കാനായിട്ടില്ല. വളരെ സങ്കീർണമായ പൂട്ടുകളാണ്.
അതു തുറക്കാൻ അറിയാവുന്നവർ ഇപ്പോൾ സ്ഥലത്തില്ലെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം രക്ഷാസംഘം ആഴത്തിൽ കുഴിയെടുത്ത് പരിശോധിക്കാൻ എക്സ്കവേറ്റർ കൊണ്ടുവന്നിരുന്നു.