അസാദ് എവിടെ ? അഭ്യൂഹം പരക്കുന്നു
Monday, December 9, 2024 1:23 AM IST
ഡമാസ്കസ്: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് എവിടെ എന്നതിൽ അവ്യക്തത. വിമതർ ഇന്നലെ ഡമാസ്കസിലെത്തിയപ്പോൾ അസദ് അവിടെ ഉണ്ടായിരുന്നില്ല. വിമതർ ഡമാസ്കസ് പിടിച്ചെടുത്ത സമയത്ത് അസദ് വിമാനത്തിൽ രക്ഷപ്പെട്ടുവെന്നും വിമാനം തകർന്ന് അദ്ദേഹം മരിച്ചിരിക്കാമെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.
ഒന്നരയാഴ്ച മുന്പ് വിമതഗ്രൂപ്പുകൾ സിറിയൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങിയശേഷം അസദ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ അസ്മയെക്കുറിച്ചും രണ്ടു മക്കളെക്കുറിച്ചും വിവരമില്ല.
അസദ് ഇന്നലെ ഡമാസ്കസിൽനിന്നു വിമാനം കയറിയതായി രണ്ട് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. അസദ് വിമാനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിമതരും പറഞ്ഞത്.
വിമതർ നഗരം പിടിച്ചെടുത്ത സമയത്ത് ഡമാസ്കസിലെ വിമാനത്താവളത്തിൽനിന്ന് ഒരു വിമാനം പുറപ്പെട്ടതായി പറയുന്നു. സിറിയയുടെ തീരപ്രദേശത്തേക്കു പറന്ന വിമാനം പൊടുന്നനെ എതിർദിശയിലേക്കു തിരിച്ചു പറക്കുകയും പിന്നീട് റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.
വിമതർ വിമാനം വെടിവച്ചിട്ടിരിക്കാമെന്നും അല്ലെങ്കിൽ ട്രാൻസ്പോൻഡർ പ്രവർത്തനരഹിതമാക്കിയതിനാൽ റഡാറിൽ പ്രത്യക്ഷപ്പെടാത്തതാകാമെന്നും അനുമാനമുണ്ട്. മിത്രരാജ്യങ്ങളായ ഇറാനിലേക്കോ റഷ്യയിലേക്കോ ആകാം അസാദ് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പറയുന്നു.