കാൻലോൺ അഗ്നിപർവതം പൊട്ടിത്തെറിച്ചു
Wednesday, December 11, 2024 12:18 AM IST
മനില: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വത സ്ഫോടനം. സെൻട്രൽ നഗ്രോസ് ദ്വീപിലെ കാൻലോൺ മലനിരയിലെ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഇതോടെ മധ്യ ഫിലിപ്പൈൻ മേഖലയിൽ ഏകദേശം 87,000 ആളുകളെ ഒഴിപ്പിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീണ്ടും അഗ്നിപർവത സ്ഫോടനം ഉണ്ടായേക്കുമെന്നാണു വിവരം.
അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം 200 കിലോമീറ്റർ ദൂരെവരെ പതിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിപര്‍വത സ്ഫോടനത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കി. പ്രദേശത്തെ സ്കൂളുകൾ അടയ്ക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം. ഇതിനു പിന്നാലെ ഭൂകമ്പങ്ങളും റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും സജീവമായ 24 അഗ്നിപർവതങ്ങളിലൊന്നാണു കാൻലോൺ. കഴിഞ്ഞ ജൂണിലാണ് അവസാനമായി പൊട്ടിത്തെറിച്ചത്.