വിമതരെ നയിക്കുന്നത് അൽക്വയ്ദ ബന്ധമുള്ള അബു മുഹമ്മദ് അൽ ജുലാനി
Monday, December 9, 2024 1:23 AM IST
അസാദ് ഭരണകൂടത്തിന്റെ പെട്ടെന്നുള്ള പതനം ഒരിടവേളയ്ക്കുശേഷം സിറിയയിൽ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യം വീണ്ടും ഭീകരരുടെ കൈകളിലാകുമോയെന്ന ആശങ്കമുണ്ട്. ഭരണം പിടിച്ചെടുത്ത ഹയാത്ത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) എന്ന വിമതസേനയ്ക്ക് ഭീകരസംഘടനയായ അൽക്വയ്ദയുമായി ബന്ധമുണ്ടെന്നതാണ് ഈ ആശങ്കയ്ക്കു കാരണം.
അറബ് ഏകാധിപത്യ ഭരണകൂടങ്ങളെ വിറപ്പിച്ചുകൊണ്ട് 2011ൽ അരങ്ങേറിയ അറബ് വസന്തത്തെ സിറിയയിൽ അതിക്രൂരമായാണ് അസാദ് ഭരണകൂടം നേരിട്ടത്. വിപ്ലവകാരികളെ ക്രൂരമായി അടിച്ചമർത്തി. എച്ച്ടിഎസും അതിന്റെ നേതാവായ അബു മുഹമ്മദ് അൽ ജുലാനിയും അന്നു തുടങ്ങിയതാണ് അസാദ് ഭരണകൂടവുമായുള്ള പോരാട്ടം. 2016 മുതൽ ജുലാനി വിമോചിത സിറിയയുടെ സംരക്ഷകരായി തന്നെയും തന്റെ ഗ്രൂപ്പിനെയും പ്രഖ്യാപിച്ചു.
2017ൽ ഇദ്ലിബ് കീഴക്കിയ എച്ച്ടിഎസ് ‘സിറിയൻ വിമോചന സർക്കാരി’ലൂടെ അവിടെ തങ്ങളുടേതായ ഭരണകൂടവും ശക്തമായ സേനയും സ്ഥാപിച്ചു. സിവിൽ ഭരണം, വിദ്യാഭ്യാസം, ആരോഗ്യം, ജുഡീഷറി, അടിസ്ഥാനസൗകര്യ വികസനം എന്നിവയിലൊക്കെ ഊന്നി തങ്ങളുടേതായ ഭരണവ്യവസ്ഥ ഉറപ്പിച്ചെടുത്തു. എതിർശബ്ദങ്ങളോട് അത്രയൊന്നും സഹിഷ്ണുതാപരമായിരുന്നില്ല എച്ച്ടിഎസിന്റെ നയം.
അഹമ്മദ് ഹുസൈൻ അൽ ഷറയാണ് പിന്നീട് അബു മുഹമ്മദ് അൽ ജുലാനിയായി അറിയപ്പെട്ടത്. ജുലാനിയുടെ വിമതജീവിതം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പിതാവ് അഹമ്മദ് ഹുസൈൻ അൽ ഷറയിൽനിന്നാണ്.
2003ൽ ജുലാനി ഇറാക്കിലേക്ക് നീങ്ങുകയും അമേരിക്കൻ അധിനിവേശത്തെ ചെറുക്കാനായി അൽക്വയ്ദ ഭീകരസംഘടനയിൽ ചേരുകയുമുണ്ടായി. 2006ൽ ഇറാക്കിൽവച്ച് അമേരിക്കൻ സേനയുടെ പിടിയിലായ ജുലാനി അഞ്ചു വർഷത്തോളം തടവിൽ കിടന്നു. 2011ൽ ജയിൽമോചിതനാകുമ്പോഴാണ് അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയിൽ വിപ്ലവം തുടങ്ങുന്നത്.
തന്റെ സാന്നിധ്യം സിറിയയിലാണ് ഉണ്ടാകേണ്ടതെന്നു തീരുമാനിച്ച അദ്ദേഹം നേരേ ഇദ്ലിബിലെത്തി. ആ മേഖലയിൽ അൽ ക്വയ്ദയുടെ സ്വാധീനം ശക്തമാക്കുന്നതിൽ ജുലാനി നിർണായക പങ്ക് വഹിച്ചു. ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുമായും ജുലാനി ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.
ഹയാത് തഹ്രീർ അൽ ഷാം
ജനകീയ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിൽ പരിണമിച്ചപ്പോൾ 2012ൽ രൂപംകൊണ്ട അൽ നുസ്ര ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയാണ് പിന്നീട് ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) ആകുന്നത്.
അസാദ് വിരുദ്ധ ശക്തികളിൽ ഏറ്റവും ഫലപ്രദമായിരുന്നു നുസ്ര. ഫ്രീ സിറിയൻ ആർമി പോലുള്ള പ്രതിപക്ഷ സംഘടനകൾ ദേശീയതയിലൂന്നി പ്രവർത്തിച്ചപ്പോൾ നുസ്രയെ നയിച്ചത് ജിഹാദി ആശയങ്ങളായിരുന്നു.
2016ൽ അൽ ക്വയ്ദയുമായുള്ള ബന്ധം നുസ്ര അവസാനിപ്പിച്ചു. തുടർന്ന് സമാന ആശയങ്ങളുള്ള സംഘടനകളുമായി ലയിച്ചുണ്ടായതാണ് ഹയാത് തഹ്രീർ അൽ ഷാം.
സംഘടനാ തലവൻ അബു മുഹമ്മദ് അൽ ജുലാനിയെ അമേരിക്ക ആഗോള തീവ്രവാദിയായി മുദ്രകുത്തിയിട്ടുണ്ട്. ഇയാളെ പിടിക്കാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ സമ്മാനവും അമേരിക്ക നല്കും.
ഇദ്ലിബ് പ്രവിശ്യ കേന്ദ്രീകരിച്ചായിരുന്നു എച്ച്ടിഎസിന്റെ പ്രവർത്തനം. പ്രവിശ്യയിലെ ഐഎസ്, അൽക്വയ്ദ സെല്ലുകളെ എച്ച്ടിഎസ് നിർവീര്യമാക്കി. ഇസ്ലാമിക നിയമം അനുസരിച്ച് എച്ച്ടിഎസ് രൂപീകരിച്ച സിറിയൻ വിമോചന സർക്കാരാണ് ഇദ്ലിബിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്നത്.