അവിസ്മരണീയ സ്വീകരണം
Sunday, December 8, 2024 1:59 AM IST
വത്തിക്കാന്‍ സിറ്റി: ഓരോരുത്തരെയും പ്രത്യേകം കണ്ടും വിശേഷങ്ങൾ തിരക്കിയും സ്നേഹംചൊരിഞ്ഞും അടുത്തസുഹൃത്തായി മാർപാപ്പ ഞങ്ങളെ സ്വീകരിച്ചു. വിശുദ്ധിയുടെ നിർവൃതിയിൽ ഞങ്ങൾ ആ കരം ചുംബിച്ചു. അനുഗ്രഹങ്ങളും സമ്മാനങ്ങളും നല്കി നിറഞ്ഞ ചിരിയോടെ ഞങ്ങളെ ഏവരെയും യാത്രയാക്കി... അക്ഷരാര്‍ഥത്തില്‍ സ്വപ്നതുല്യമായ സ്വീകരണമാണ് ഞങ്ങൾക്കു ലഭിച്ചത്.
മാർ ജോർജ് കൂവക്കാട്ടിനെ കർദിനാൾ പദവിയിലേക്കുയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ മാർാപാപ്പയെ സന്ദർശിച്ചശേഷം നടത്തിയ പ്രതികരണമിതായിരുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അടുത്തുള്ള പോള്‍ മൂന്നാമന് ഹാളിലായിരുന്നു കേന്ദ്രസഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തെയടക്കം മാർപാപ്പ സ്വീകരിച്ചത്. മാർ ജോർജ് കൂവക്കാട്ടും സന്ദർശനത്തിൽ പങ്കെടുത്തു.
മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് നാട്ടില്‍നിന്ന് എത്തിയവരെല്ലാം മാർപാപ്പയുടെ ആതിഥ്യം സ്വീകരിക്കാൻ ഭാഗ്യംലഭിച്ചതിന്റെ ത്രില്ലിലാണ്. ചങ്ങനാശേരിക്കാരും ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളുമുൾപ്പെടെ അറുപതോളം പേരാണ് റോമില്‍ എത്തിയിരുന്നത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പാപ്പ കാർമികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാനിയില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് പാസും അനുവദിച്ചിരുന്നു. അതിനിടെ വെള്ളിയാഴ്ച രാത്രിയോടെയാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് മാര്‍പാപ്പ കുറച്ചു പേരെ പ്രത്യേകമായി കാണാന്‍ തയാറായിരിക്കുന്നതായി അറിയിച്ചത്. ഇതിനായി പ്രത്യേക പാസും നല്കി. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി രാവിലെ ഒമ്പതരയ്ക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.
അപ്പോഴും എല്ലാരും കരുതിയത് മാര്‍പാപ്പ പതിവുപോലെ അദ്ദേഹത്തിന്റെ വീല്‍ചെയറിലിരുന്ന് എല്ലാവരെയും കണ്ട് അനുഗ്രഹിച്ചു പോകും എന്നാണ്. സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷം കര്‍ദിനാള്‍ പ്രത്യേകം ക്ഷണിച്ച ഇരുന്നൂറളം പേരെ പോള്‍ മൂന്നാമന് ഹാളില്‍ പ്രവേശിപ്പിച്ചു.
അപ്പോഴും വരാനിരിക്കുന്ന മഹാത്ഭുതം ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളെയും കര്‍ദിനാളിന്റെ മാതാപിതാക്കളെയും മാര്‍പാപ്പ നേരില്‍ കാണുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.
ഒടുവില്‍ ഏവരും കാത്തിരുന്ന നിമിഷമെത്തി. നിറഞ്ഞ ചിരിയോടെ ഫ്രാന്‍സിസ് പാപ്പാ അവിടേക്ക് കടന്നുവന്നു. അദ്ദേഹം ഓരോരുത്തരുടെയും അടുത്തേക്ക് ചെന്നു. കൈമുത്താന്‍ അവസരം നല്കി. ഒപ്പം ആ കൈകള്‍ മൂര്‍ധാവില്‍ വച്ച് അനുഗ്രഹം ചൊരിഞ്ഞു.
തുടര്‍ന്ന് എല്ലാവര്ക്കും ഫോട്ടോ എടുക്കാനും മാര്‍പാപ്പ അനുമതി നല്കി. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തെ നയിച്ചെത്തിയ മന്ത്രി ജോര്‍ജ് കുര്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം മാര്‍പാപ്പയ്ക്ക് കൈമാറി.
രാജ്യത്തിന്റെ സമ്മാനവും അദ്ദേഹം കൈമാറി. ജോര്‍ജ് കുര്യനും സംഘത്തിനും മാര്‍പാപ്പയുമായി പ്രത്യേകം സംസാരിക്കാന്‍ അവസരം ലഭിച്ചു. മാര്‍പാപ്പ പ്രതിനിധി സംഘത്തിലുള്ളവര്‍ക്ക് ജപമാല സമ്മാനമായി നല്കി.
പിന്നീട് മാർ കൂവക്കാട്ടിന്റെ മാതാപിതാക്കന്മാര്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഫോട്ടോ എടുക്കാനും പ്രത്യേക സെഷന് അനുവദിച്ചതും മാർ കൂവക്കാട്ടിനോടുള്ള മാര്‍പാപ്പയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി.
ഒരു മണിക്കൂറോളം ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെ ചെലവഴിച്ചു. ഒടുവില്‍ മാര്‍പാപ്പ ഏവരോടും കൈവീശി യാത്രപറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയിലും കൂരിയ കൂരിയ അംഗങ്ങളും നേതൃത്വം നല്കി.