മാർ ജോർജ് കൂവക്കാട്ട് ഉൾപ്പെടെ 21 പേർകൂടി കർദിനാൾസംഘത്തിൽ
Sunday, December 8, 2024 1:59 AM IST
വത്തിക്കാനിൽനിന്ന് ഷൈമോൻ തോട്ടുങ്കൽ
ഭാരതസഭയ്ക്ക് കൃപയുടെ നിറവായി ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട്ട് കർദിനാൾസംഘത്തിന്റെ ഭാഗമായി. ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാല്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ മാർ കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി.
പ്രതിജ്ഞയ്ക്കുശേഷം ഓരോരുത്തരെയും മാർപാപ്പയുടെ അടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. സ്ഥാനികചിഹ്നങ്ങളായ മുടിയും മോതിരവും സ്ഥാനികദേവാലയം നിശ്ചയിച്ചുകൊണ്ടുള്ള ബൂളയും മാർപാപ്പ നവ കർദിനാൾമാർക്കു നൽകി അവരെ ആശീർവദിച്ചു. ഇരുപതാമതായാണ് മാർ കൂവക്കാട്ട് സ്ഥാനചിഹ്നങ്ങൾ സ്വീകരിച്ചത്.
മാർ ജോർജ് ആലഞ്ചേരി, മാർ ക്ലീമിസ് കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള കർദിനാൾമാർ തിരുക്കർമങ്ങളിൽ പങ്കാളികളായി. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ ആർച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും നീണ്ട നിര തിരുക്കർമങ്ങളിൽ സവിശേഷ സാന്നിധ്യമായിരുന്നു.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഔദ്യോഗിക പ്രതിനിധിസംഘത്തിനു പുറമെ മാർ ജോർജ് കൂവക്കാട്ടിന്റെ കുടുംബാംഗങ്ങളുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് മലയാളികളും മറ്റു കർദിനാൾമാരുടെ രാജ്യത്തുനിന്നുള്ളവരും ഉൾപ്പെടെ ആയിരങ്ങളാണ് ചടങ്ങിനു സാക്ഷ്യം വഹിക്കാൻ എത്തിയത്.
പ്രാദേശികസമയം വൈകുന്നേരം നാലോടെ നിയുക്ത കർദിനാൾമാർ പ്രദക്ഷിണമായി അൾത്താരയിലെത്തി. തുടർന്ന് ചടങ്ങിനു തുടക്കമായി മാർപാപ്പ പ്രാർഥന നടത്തി. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടു ചേർന്ന് സഭാശുശ്രൂഷ നിർവഹിക്കാൻ ഏതാനും സഹോദരങ്ങളെ കർദിനാൾ തിരുസംഘത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതായി മാർപാപ്പ അറിയിച്ചു. തുടർന്ന് സുവിശേഷവായന നടന്നു.
ദൈവമഹത്വത്തിനും സഭയുടെ പുകഴ്ചയ്ക്കുമായി ഇവരെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നതായി ഓരോരുത്തരുടെയും പേരുകൾ ചൊല്ലി മാർപാപ്പ അറിയിച്ചു. പിന്നീട് കർദിനാൾമാർ വിശ്വാസപ്രമാണം ചൊല്ലി സഭയോടും അതിന്റെ പാരന്പര്യത്തോടുമുള്ള വിധേയത്വം പ്രഖ്യാപിച്ചു.
തുടർന്ന് കർദിനാൾമാർ ഓരോരുത്തരായി മാർപാപ്പയ്ക്കു മുന്നിലെത്തി വിധേയത്വം പ്രഖ്യാപിച്ചു. ക്രിസ്തുവിനോടും തിരുവചനങ്ങളോടും റോമിലെ പരിശുദ്ധ സിംഹാസനത്തോടും വാക്കിലും പ്രവൃത്തിയിലും മരണം വരെയും വിശ്വസ്തത പുലർത്തുമെന്നും ദൈവമഹത്വത്തിനും വിശ്വാസസംരക്ഷണത്തിനുംവേണ്ടി രക്തം ചിന്താൻ തയാറാണെന്നുമുള്ള പ്രതിജ്ഞ കർദിനാൾമാർ ചൊല്ലി. തുടർന്നാണ് സ്ഥാനചിഹ്നങ്ങളായ മുടിയും തുടർന്ന് മോതിരവും മാർപാപ്പ അണിയിച്ചത്.
തിരുക്കർമങ്ങൾക്കുശേഷം നവ കർദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും.
വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാർ ബസിലിക്കയിൽ മാർ ജോർജ് കൂവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും. ഇന്ത്യയിൽ വൈദികരിൽനിന്നു നേരിട്ട് ആദ്യമായി കർദിനാളായി ഉയർത്തപ്പെടുന്ന മാർ ജോർജ് ജേക്കബ് കൂവക്കാട്ട് ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവകാംഗമാണ്.
പൗരസ്ത്യ സുറിയാനി വേഷവിധാനം
മാർ ജോർജ് കൂവക്കാട്ടും യുക്രെയ്ൻ കത്തോലിക്കാ സഭയുടെ മെൽബൺ ബിഷപ് മാർ മിക്കോളാ ബിച്ചും ഒഴികെയുള്ളവർ ചുവന്ന മുടിയാണ് ധരിച്ചത്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ള വൈദിക മേലധ്യക്ഷന്മാരുടെ വേഷവിധാനമായിരുന്നു മാർ കൂവക്കാട്ടിന്റേത്.
കറുപ്പും ചുവപ്പുമുള്ള മുടിയാണ് മാർ കൂവക്കാട്ടിന്റേത്. മാർ മിക്കോളാ ബിച്ച് യുക്രെയ്ൻ സഭയുടെ പാരമ്പര്യത്തിലുള്ള വേഷവിധാനത്തിലായിരുന്നു. 44 വയസ് മാത്രമുള്ള മാർ മിക്കോളോ ബിച്ചാണ് ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ.