സിറിയയിൽ സമാധാനം ഉണ്ടാകണം: നുൺഷ്യോ
Tuesday, December 10, 2024 1:30 AM IST
ഡമാസ്കസ്: സിറിയയിൽ ഏകാധിപതി ബഷർ അസാദിന്റെ പതനത്തിനുശേഷം അധികാരത്തിലെത്തിയ ഇസ്ലാമിക തീവ്രവാദികൾ ജനങ്ങളുമായി അനുരഞ്ജനപ്പെടണമെന്നും സമാധാനം ഉറപ്പാക്കണമെന്നും സിറിയയിലെ വത്തിക്കാൻ നുൺഷ്യോ കർദിനാൾ മാരിയോ സെനാറി.
അങ്ങനെ മാത്രമേ രാജ്യത്തിനു പുരോഗതിയുണ്ടാകൂ. അതില്ലാത്തതുകൊണ്ടാണ് ജനങ്ങൾ രാജ്യത്തുനിന്ന് പലായനം ചെയ്യുന്നത്. മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ മാനിക്കുമെന്നുള്ള പുതിയ അധികാരികളുടെ വാഗ്ദാനം സഫലമാകട്ടേയെന്നും നുൺഷ്യോ പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയ സാഹചര്യത്തിൽ സിറിയയ്ക്കെതിരേയുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്നും കർദിനാൾ സെനാറി ആവശ്യപ്പെട്ടു. സിറിയയിൽ ജനാധിപത്യം സ്ഥാപിക്കാൻ ഉപരോധങ്ങൾ പിൻവലിക്കേണ്ടത് ആവശ്യമാണ്.
അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ സിറിയക്ക് ആവശ്യമാണ്. ഉപരോധത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്നും നുൺഷ്യോ കൂട്ടിച്ചേർത്തു.