അസാദിന് അഭയം നൽകി റഷ്യ
Tuesday, December 10, 2024 1:58 AM IST
മോസ്കോ/ഡമാസ്കസ്: അധികാരഭ്രഷ്ടനായ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനും കുടുംബത്തിനും രാഷ്ട്രീയാഭയം നൽകി റഷ്യ. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ തീരുമാനപ്രകാരമാണ് അസാദിന് അഭയം നൽകിയതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
അതേസമയം, അസാദും കുടുംബവും റഷ്യയിൽ എവിടെയാണു താമസിക്കുന്നതെന്ന് പെസ്കോവ് വെളിപ്പെടുത്തിയില്ല. അസാദുമായി കൂടിക്കാഴ്ച നടത്താൻ പുടിനു പദ്ധതിയില്ലെന്ന് വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, ഇന്നലെ സിറിയയിൽ ഇസ്രേലി സേന വ്യോമാക്രമണം നടത്തി. രാസായുധങ്ങളും ലോംഗ് റേഞ്ച് റോക്കറ്റുകളും സൂക്ഷിച്ചിരിക്കുന്ന ഡിപ്പോകളിലായിരുന്നു ആക്രമണം. ആയുധങ്ങൾ വിമത തീവ്രവാദികളുടെ പക്കൽ എത്താതിരിക്കാനായിരുന്നു ആക്രമണമെന്ന് ഇസ്രേലി വിദേശകാര്യ മന്ത്രി പറഞ്ഞു.
ഏതാനും വർഷങ്ങളായി ഇസ്രയേൽ സിറിയയിൽ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഹിസ്ബുള്ള ഭീകരസംഘത്തിന്റെ ഉറ്റ കൂട്ടാളിയായ അസാദിന്റെ പതനം ഇസ്രയേൽ ജനത സ്വാഗതം ചെയ്തു.
സിറിയൻ സൈന്യം പിൻവാങ്ങിയതിനെത്തുടർന്ന് ഗോലാൻകുന്നിലെ ബഫർസോൺ ഇസ്രയേൽ പിടിച്ചെടുത്തു. ഇന്നലെ വടക്കൻ സിറിയയിൽ, തുർക്കിയുടെ പിന്തുണയുള്ള പ്രതിപക്ഷസേന കുർദുകളിൽനിന്ന് മൻബിജ് പട്ടണം പിടിച്ചെടുത്തു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ ഇന്നലെ യുഎസ് സേന വ്യോമാക്രമണം നടത്തി.
ഭൂരിഭാഗം മന്ത്രിമാരും ഓഫീസുകളെത്തി ജോലി ചെയ്യുന്നുണ്ടെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഘാസി ജലാലി അറിയിച്ചു. അസാദ് രാജ്യംവിട്ടെങ്കിലും ജലാലി പ്രധാനമന്ത്രിസ്ഥാനത്ത് തുടരുകയാണ്. വിമതസേനയെ നയിക്കുന്ന ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) നേതാവ് അബു മുഹമ്മദ് അൽ ജുലാനി ഇന്നലെ ജലാലിയുമായി കൂടിക്കാഴ്ച നടത്തി.
സർക്കാർ രൂപവത്കരണനീക്കം ഊർജിതമായി നടക്കുകയാണെന്നും ഇദ്ലിബ് പ്രവിശ്യയിലെ എച്ച്ടിഎസ് സർക്കാരിനു നേതൃത്വം നൽകിയിരുന്ന മുഹമ്മദ് അൽ-ബഷീർ ഇടക്കാല പ്രധാനമന്ത്രിയാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്നലെ ഡമാസ്കസ് പൊതുവെ ശാന്തമായിരുന്നു. അസാദിന്റെ വീഴ്ചയിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജനം ആഘോഷം തുടരുകയാണ്. അസാദിന്റെ നിഷ്ഠുരഭരണത്തിൽ രാജ്യംവിട്ട ആയിരങ്ങൾ സിറിയയിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
13 വർഷത്തെ ആഭ്യന്തരയുദ്ധത്തിനിടെ ലക്ഷക്കണക്കിനു സിറിയക്കാരാണ് മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്തത്. 33 ലക്ഷം സിറിയക്കാരാണ് തുർക്കിയിൽ മാത്രം അഭയം തേടിയത്. 15 ലക്ഷം പേർ ലബനനിൽ കഴിയുന്നു.
വിമത തീവ്രവാദികൾ ഡമാസ്കസ് കീഴടക്കിയതോടെ നാലായിരത്തിലേറെ സിറിയൻ സൈനികർ ഇറാക്കിലേക്ക് പലായനം ചെയ്തു. അതേസമയം, സൈനികർക്കു മാപ്പ് നൽകുമെന്നും ആരെയും ഉപദ്രവിക്കില്ലെന്നും വിമതർ അറിയിച്ചു.
കുപ്രസിദ്ധമായ സയ്ദ്നായ ജയിലിൽനിന്ന് 3500 തടവുകാരെയാണ് വിമത തീവ്രവാദി സംഘം മോചിപ്പിച്ചത്. ഭൂഗർഭ സെല്ലുകളിൽ അനേകം തടവുകാരെ പാർപ്പിച്ചിട്ടുണ്ടെന്ന് ആരോപണമുയർന്നിരുന്നു.