റഷ്യൻ മുന്നേറ്റം
Saturday, December 14, 2024 1:17 AM IST
മോസ്കോ: റഷ്യൻ സേന കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാന പോക്രോവ്സ്ക് നഗരത്തിലേക്ക് അതിവേഗം മുന്നേറുന്നു.
സേന തെക്കുഭാഗത്തുകൂടി നഗരത്തിന് ഒന്നര കിലോമീറ്റർ അടുത്തെത്തിയതായി റഷ്യാ അനുകൂല യുദ്ധബ്ലോഗർമാർ റിപ്പോർട്ട് ചെയ്തു. റഷ്യൻ സേനയിലെ സ്പെഷൽ യൂണിറ്റുകൾ ചെറുസംഘങ്ങളായി നഗരത്തിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞു.
പോക്രോവ്സ്ക് നഗരം വൈകാതെ റഷ്യൻ നിയന്ത്രണത്തിലാകുമെന്നാണു സൂചന. യുക്രെയ്ൻ സേന അടുത്തകാലത്തു നേരിടുന്ന ഏറ്റവും വലിയ പരാജയമായിരിക്കും ഇത്. യുക്രെയ്ൻ സേന കിഴക്കൻ മുന്നണിയിലേക്കു സാമഗ്രികൾ വിതരണം ചെയ്യുന്നത് പോക്രോവ്സ്കിലൂടെയാണ്. ഗാർഹികാവശ്യങ്ങൾക്കുള്ള കർക്കരി ശേഖരിക്കുന്ന യുക്രെയ്നിലെ ഏക ഖനി സ്ഥിതി ചെയ്യുന്നതും പോക്രോവിസ്കിലാണ്.
നഗരത്തോടു ചേർന്ന സൈനിക ആസ്ഥാനങ്ങൾ റഷ്യൻ സേന നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തതായി യുക്രെയ്ൻ ബുധനാഴ്ച അറിയിച്ചിരുന്നു. ഇന്നലത്തെ റിപ്പോർട്ടുകളിൽ യുക്രെയ്ൻ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, റഷ്യൻ സേന ഇന്നലെ രാവിലെ യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി.
ഒഡേസ, ലുവീവ് നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായി. സബ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. ഇതേത്തുടർന്ന് യുക്രെയ്നിൽ മണിക്കൂർ നീണ്ട പവർകട്ട് ഏർപ്പെടുത്തേണ്ടിവന്നു.