ദക്ഷിണകൊറിയൻ മുൻ പ്രതിരോധമന്ത്രി ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു
Thursday, December 12, 2024 12:45 AM IST
സിയൂൾ: ദക്ഷിണകൊറിയൻ മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ ജയലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പാളിപ്പോയ പട്ടാളനിയമത്തിനു പിന്നിൽ പ്രവർത്തിച്ച പ്രധാന നേതാക്കളിലൊരാളാണ് ഹ്യൂൻ.
സിയൂളിലെ തടങ്കൽ പാളയത്തിലായിരുന്നു ഹ്യൂൻ ആത്മഹത്യക്കു ശ്രമിച്ചതെന്നു കൊറിയ കറക്ഷണൽ സർവീസ് കമ്മീഷണർ ജനറൽ ഷിൻ യോംഗ് ഹെ അറിയിച്ചു.
കറക്ഷണൽ സർവീസ് ഉദ്യോഗസ്ഥർ ആത്മഹത്യാശ്രമം തടഞ്ഞതായും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഷിൻ യോംഗ് ഹെ കൂട്ടിച്ചേർത്തു. ബുധനാഴ്ച പുലർച്ചെയാണ് ഹ്യൂൻ അറസ്റ്റിലായത്.
പട്ടാളനിയമം നടപ്പാക്കിയതിൽ പ്രധാന പങ്കുവഹിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനുമാണ് ഹ്യൂനിനെ അറസ്റ്റ് ചെയ്തത്. പട്ടാളനിയമ ഉത്തരവിന്റെ പേരിൽ അറസ്റ്റിലാകുന്ന ആദ്യത്തെയാളാണ് ഹ്യൂൻ. പ്രസിഡന്റ് യൂൻ സുക് യോലിന്റെ അടുത്ത ആളാണ് കിം. പ്രസിഡന്റിന് സൈനികനിയമം ശിപാർശ ചെയ്തെന്നും അതിന്മേൽ നിയമസഭാംഗങ്ങൾ വോട്ട് ചെയ്യുന്നതു തടയാൻ പാർലമെന്റിലേക്കു സൈനികരെ അയച്ചെന്നുമാണ് കിമ്മിനെതിരായ ആരോപണം.
ഇതിനിടെ, പ്രസിഡന്റ് യൂൺ സുക് യോലിനെ ഇംപീച്ച് ചെയ്യാൻ പുതിയ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി. പ്രസിഡന്റിനെതിരായ ആദ്യ ഇംപീച്ച്മെന്റ് ശ്രമം ഭരണകക്ഷി നിയമസഭാംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ പരാജയപ്പെട്ടിരുന്നു.
ഈ മാസം മൂന്നിനു രാത്രിയാണ് യൂൺ സുക് യോൽ രാജ്യത്ത് പട്ടാളനിയമം നടപ്പാക്കിയത്. എന്നാൽ ഭരണകക്ഷിയിൽനിന്നുപോലും എതിർപ്പുയർന്നതോടെ പിറ്റേന്ന് പുലർച്ചെ പിൻവലിച്ചു.