ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്ക: വിക്രം മിസ്രി
Tuesday, December 10, 2024 1:31 AM IST
ധാക്ക: ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹീജ് ഹുസൈനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചതായും അയല്‍രാജ്യവുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിക്രം മിസ്രി പറഞ്ഞു. ധാക്കയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷേഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചര്‍ച്ച അവസരമൊരുക്കിയെന്നും നിലവിലുള്ള ഇടക്കാല സര്‍ക്കാരുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും മിസ്രി പ്രതികരിച്ചു.
ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം.