അസാദ് പോയതിൽ ആശ്വാസം; തീവ്രവാദി ഭരണത്തിൽ ആശങ്ക
Monday, December 9, 2024 1:23 AM IST
14 വർഷം നീണ്ട വിമതപോരാട്ടത്തിന്റെ പൂർത്തീകരണമാണ് അസാദ് ഭരണകൂടത്തിന്റെ തകർച്ച. ജനകീയ പ്രക്ഷോഭം, സായുധ കലാപം, ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരസംഘടനകളുടെ പടയോട്ടം, റഷ്യ-ഇറാൻ-അമേരിക്ക-തുർക്കി-അറബ് രാജ്യങ്ങളുടെ പങ്കാളിത്തം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണു സിറിയൻ ആഭ്യന്തരയുദ്ധം. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്യാനിടയാക്കിയ ആഭ്യന്തരയുദ്ധത്തിൽ ലക്ഷക്കണക്കിനു പേർ കൊല്ലപ്പെടുകയും ചെയ്തു.
ഒന്നര പതിറ്റാണ്ട് ആഭ്യന്തര യുദ്ധത്തെ അതിജീവിച്ച അസാദ് ഭരണകൂടം ഒന്നരയാഴ്ചത്തെ വിമത മുന്നേറ്റത്തിലാണ് നിലംപൊത്തിയത്. അസാദില്ലാത്ത ആദ്യ ദിനം ഡമാസ്കസ് നിവാസികൾ ആഹ്ലാദപ്രകടനങ്ങൾ നടത്തി. വിദേശരാജ്യങ്ങളിലെ സിറിയൻ അഭയാർഥികളും ആഹ്ലാദപ്രകടനങ്ങൾക്കു കുറവു വരുത്തിയില്ല. അതേസമയം, തീവ്രവാദികൾ നേതൃത്വം നല്കുന്ന വിമത ഗ്രൂപ്പുകൾ അധികാരം പിടിക്കുന്പോൾ സിറിയ അന്തകാരത്തിലേക്കു നിപതിക്കുമോ എന്ന ആശങ്കയും ശക്തം.
പ്രസിഡന്റ് അസാദിന്റെ പതനത്തിലേക്കു നയിച്ച സംഭവങ്ങൾ:
2011: അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയിൽ ജനകീയ പ്രക്ഷോഭം. അസാദിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രകടനങ്ങൾ രാജ്യത്തെന്പാടുമുണ്ടായി. അസാദ് പ്രതികരിച്ചത് ഉരുക്കുമുഷ്ടിക്കൊണ്ട്. വെടിവയ്പും അറസ്റ്റുമുണ്ടായി. പ്രക്ഷോഭകരിൽ ഒരുവിഭാഗം ആയുധം കൈയിലെടുത്തു. സിറിയൻ സേനയിൽനിന്നു കൂറു മാറിയവർ ഇവർക്കൊപ്പം ചേർന്നു. ഇതോടെ പ്രക്ഷോഭം സായുധ വിപ്ലവമായി. പാശ്ചാത്യ ശക്തികളും അറബ് രാജ്യങ്ങളും തുർക്കിയും അസാദ് വിരുദ്ധർക്കു സഹായം നല്കി.
2012: തീവ്രവാദ ശക്തികൾ ആഭ്യന്തരയുദ്ധത്തിൽ പങ്കാളിയാകുന്നു. അൽക്വയ്ദ അനുകൂല നുസ്ര ഫ്രണ്ട് സംഘടന ഡമാസ്കസിൽ ബോംബാക്രമണങ്ങൾ നടത്തി. ദേശീയത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇതര വിമത ഗ്രൂപ്പുകളെ അൽ നുസ്ര അടിച്ചമർത്താൻ തുടങ്ങി. വിമതരുടെ ശക്തികേന്ദ്രങ്ങളിൽ അസദിന്റെ പട്ടാളം വ്യോമാക്രമണം തുടങ്ങി.
2013: ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ളകൾ അസാദിനെ സഹായിക്കാനെത്തി. വിമതരുടെ മുന്നേറ്റം നിലച്ചു. അസാദ് ഭരണകൂടം ജനങ്ങൾക്കു നേർക്ക് രാസായുധം പ്രയോഗിച്ചതായി അമേരിക്ക ആരോപിച്ചു.
2014: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വടക്കുകിഴക്കൻ സിറിയയിലെ റാഖാ നഗരം പിടിച്ചെടുത്തു. സിറിയയിലെയും ഇറാക്കിലെയും കൂടുതൽ പ്രദേശങ്ങൾ ഐഎസ് നിയന്ത്രണത്തിലായി. ഐഎസിനെ നേരിടാൻ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യകക്ഷി സേന രംഗത്ത്. കുർദുകൾ സേനയുടെ പ്രധാന ഘടകം.
വിമതർ ഹോംസ് നഗരത്തിൽ സിറിയൻ സേനയോട് വൻ പരാജയം ഏറ്റുവാങ്ങി.
2015: വിദേശ ശക്തികളിൽനിന്ന് മികച്ച ആയുധങ്ങളും പരിശീലനവും ലഭിച്ച വിമതർ വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പിടിച്ചെടുത്തു. പോരാട്ടത്തിൽ തീവ്രവാദ ഗ്രൂപ്പുകളും വലിയ പങ്കുവഹിച്ചു.
അസാദിനെ സഹായിക്കാൻ റഷ്യ രംഗത്തിറങ്ങി. വിമത കേന്ദ്രങ്ങളിൽ റഷ്യൻ സേന നടത്തിയ ബോംബാക്രമണങ്ങൾ ആഭ്യന്തരയുദ്ധത്തിന്റെ ഗതി അസാദിന് അനുകൂലമാക്കി.
2016: കുർദ് വിഭാഗം അതിർത്തിപ്രദേശങ്ങളിൽ കൈവരിച്ച മുന്നേറ്റങ്ങളിൽ തുർക്കിക്ക് അസ്വസ്ഥത. ഇതര വിമതരുടെ സഹായത്തോടെ തുർക്കി സേന സിറിയയിൽ അധിനിവേശം നടത്തുകയും തുർക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശം സൃഷ്ടിക്കുകയും ചെയ്തു. അസാദിന്റെ പട്ടാളം ആലെപ്പോ നഗരത്തിൽ വിമതരെ തോൽപ്പിച്ചു. ആഭ്യന്തര യുദ്ധത്തിൽ അസാദിന്റെ ഏറ്റവും വലിയ വിജയമായിരുന്നിത്.
അൽ ക്വയ്ദയുമായുള്ള ബന്ധം നുസ്ര ഫ്രണ്ട് അവസാനിപ്പിച്ചു. മിതവാദത്തിലൂന്നിയുള്ള പുതിയ സംഘടനകൾ രൂപവത്കൃതമായി. ഒടുക്കമുണ്ടായതാണ് ഇപ്പോൾ അസാദിനെ അട്ടിമറിച്ച ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്).
2017: സിറിയയിൽ പോരാടുന്ന ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ വ്യോമാക്രമണം തുടങ്ങി. സിറിയയിൽ ഇറാന്റെ സ്വാധീനം വർധിക്കുന്നത് അവസാനിപ്പിക്കലായിരുന്നു ലക്ഷ്യം.
അമേരിക്കയുടെ പിന്തുണയുള്ള കുർദ് സേനകൾ റാഖായിൽ ഐഎസിനെ തോൽപ്പിച്ചു. ഇതിനൊപ്പം സിറിയൻസേന കൂടി നടത്തിയ ആക്രമണത്തിൽ സിറിയയിലെ ഐഎസ് സ്വാധീനം അവസാനിക്കാൻ തുടങ്ങി.
2018: റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ അസാദിന്റെ പട്ടാളം സെൻട്രൽ സിറിയയിലെ പട്ടണങ്ങളും തെക്കൻ മേഖലയിൽ വിമതരുടെ ശക്തികേന്ദ്രമായ ദേരാ പ്രദേശവും പിടിച്ചെടുത്തു.
2019: സിറിയയിൽ ഐഎസ് സ്വാധീനം പൂർണമായി ഇല്ലാതായി. കുർദുകളുടെ സംരക്ഷണത്തിനു കുറച്ച് യുഎസ് സൈനികർ സിറിയയിൽ തുടർന്നു.
2020: റഷ്യ, തുർക്കി, ഇറാൻ എന്നിവർ ചേർന്ന് സിറിയയിൽ വെടിനിർത്തലുണ്ടാക്കി. സിറിയയിലെ പ്രധാന നഗരങ്ങളും ഒട്ടുമുക്കാൽ പ്രദേശവും അസാദിന്റെ നിയന്ത്രണത്തിൽ.
വിമതരുടെ സ്വാധീനം വടക്കുപടിഞ്ഞാറ് ഇദ്ലിബ് പ്രവിശ്യയിൽ മാത്രം. തുർക്കിയുടെ പിന്തുണയുള്ള പോരാളികൾ അതിർത്തിയോടു ചേർന്ന കുറച്ചു പ്രദേശം നിയന്ത്രണത്തിലാക്കി. വടക്കുകിഴക്കൻ സിറിയ കുർദുകളുടെ നിയന്ത്രണത്തിലുമായി.
2023: ഗാസയിലെ ഹമാസ് ഭീകരർ ഇസ്രയേലിൽ ഭീകരാക്രമണം നടത്തി. ഇതിനു പിന്നാലെ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ ഏറ്റുമുട്ടൽ. ഹിസ്ബുള്ളയുടെ ശക്തി ക്ഷയിച്ചു. സിറിയയിലെ ഇറേനിയൻ സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം. സിറിയയിലെ ഇറേനിയൻ സൈനിക ശേഷി ക്ഷയിക്കാൻ തുടങ്ങി.
2024 നവംബർ-ഡിസംബർ: ഇദ്ലിബിലെ ഹയാത് തഹ്രീർ അൽ ഷാം തീവ്രവാദികളുടെ നേതൃത്വത്തിൽ ആലെപ്പോ നഗരത്തിൽ മിന്നലാക്രമണം. സിറിയൻ സേന പിന്മാറി. ആലെപ്പോയ്ക്കു പുറമേ, ഹോംസ്, ഹമാ നഗരങ്ങളും വിമതരുടെ നിയന്ത്രണത്തിൽ. ഡമാസ്കസിലേക്ക് വിമത മുന്നേറ്റം. അസാദ് ഭരണകൂടം നിലംപൊത്തി.
ജാഗ്രതയോടെ ഇസ്രയേൽ
ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം, ബഷാർ അൽ അസദ് ഭരണത്തിന്റെ തകർച്ച ഒരേസമയം അവസരങ്ങളുടേതും അപകടസാധ്യതകളുടേതുമാണ്. ഹിസ്ബുള്ളയുടെ പ്രധാന വിതരണശൃംഖലയായ സിറിയ വീണത് ഇസ്രയേലിനു ഗുണകരമാണ്.
അതേസമയം, എച്ച്ടിഎസ് ശക്തി പ്രാപിക്കുന്നത് മേഖലയിൽ ഇസ്രയേലിനു കൂടുതൽ വെല്ലുവിളിയാകും. ഗോലാൻ കുന്നുകളിൽ ഇസ്രയേൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. സിറിയൻ സേനയുടെ ആയുധശേഖരം വിമതർ പിടിച്ചെടുക്കുന്നതു തടയുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം.
റഷ്യക്കും തിരിച്ചടി
ബഷാർ അൽ അസദിന്റെ പതനം മധ്യപൂർവദേശത്ത് റഷ്യൻ സ്വാധീനത്തിനുള്ള തിരിച്ചടിയാണ്. 2015 മുതൽ സിറിയയ്ക്ക് ഉറച്ച പിന്തുണയാണ് റഷ്യ നൽകുന്നത്. ടാർടസ് നാവിക സൗകര്യം, ലതാകിയയിലെ ഹ്മെയിമിം എയർബേസ് തുടങ്ങിയ തന്ത്രപ്രധാനമായ പലതും റഷ്യക്ക് ഇവിടെയുണ്ട്. മെഡിറ്ററേനിയൻ കടലിലൂടെയും ആഫ്രിക്കയിലേക്കും ചരക്കുനീക്കത്തിനും ഇവ പ്രധാനമാണ്. റഷ്യയുടെ സൈനികശ്രദ്ധ നിലവിൽ യുക്രെയ്ൻ യുദ്ധത്തിലാണ്. എങ്കിലും സിറിയയുടെ മേലിലുള്ള ആധിപത്യം നഷ്ടപ്പെട്ടത് റഷ്യയുടെ നയതന്ത്രവീഴ്ചയായി വിലയിരുത്തപ്പെടും.