അച്ഛന്റെ നിഴലിൽ വളർന്ന മകൻ
Monday, December 9, 2024 1:23 AM IST
ഡമാസ്കസ്: 53 വർഷം സിറിയയെ അടക്കിഭരിച്ച അസാദ് കുടുംബത്തിലെ രണ്ടാം തലമുറക്കാരനാണ് ബഷാർ. അച്ഛന്റെ നിഴലിൽ വളർന്ന മകൻ അച്ഛനെപ്പോലെ എതിരാളികളെ നേരിടാൻ ഉരുക്കുമുഷ്ടി പ്രയോഗിച്ചു.
പിതാവ് ഹാഫിസ് അൽ അസാദ് 1971 മുതൽ 2000ത്തിൽ മരിക്കുന്നതുവരെ സിറിയയുടെ പ്രസിഡന്റായിരുന്നു. ദാരിദ്ര്യത്തിൽനിന്നു പട്ടാള ഉദ്യോഗസ്ഥനായും ബാത്ത് പാർട്ടിയുടെ നേതാവായും ഉയർന്ന ഹാഫിസ് ഒരു വർഷം പ്രധാനമന്ത്രിക്കസേരയിലും ഇരുന്നിട്ടുണ്ട്. അലാവി ഷിയാ എന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടതാണ് അസാദ് കുടുംബം. ഹാഫിസിന്റെ മൂന്നു പതിറ്റാണ്ടു ഭരണത്തിനിടെ അലാവികൾ സിറിയയുടെ ഭരണതലപ്പത്തു പ്രതിഷ്ഠിക്കപ്പെട്ടു.
ഹാഫിസിന്റെ മരണത്തിനു പിന്നാലെ ബഷാർ അൽ അസാദ് എതിരില്ലാതെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രസിഡന്റാകാൻ 40 തികയണമെന്ന ഭരണഘടനാ വ്യവസ്ഥ ബഷാറിനു വേണ്ടി പാർലമെന്റ് ഭേദഗതി ചെയ്ത് 34 ആക്കി. അന്ന് ബഷാറിന് 34 വയസായിരുന്നു.
മൂത്തമകൻ ബാസലിനെയാണ് ഹാഫിസ് പിൻഗാമിയായി വളർത്തിക്കൊണ്ടുവന്നത്. 1994ലെ കാറപകടത്തിൽ ബാസൽ മരിച്ചു. ലണ്ടനിൽ കണ്ണുഡോക്ടറാകാൻ പഠിച്ചിരുന്ന ബഷാർ സിറിയയിൽ തിരിച്ചെത്തി മിലിട്ടറി സയൻസ് പഠിച്ച് കേണലായി. ലണ്ടനിൽ വളർന്ന സിറിയൻ വംശജ അസ്മയും അസാദും തമ്മിലുള്ള വിവാഹം 2000ത്തിലായിരുന്നു.
യുവത്വം തുളുന്പുന്ന ബഷാർ അൽ അസാദ് സിറിയയ്ക്ക് ഐശ്വര്യവും ക്ഷേമവും നല്കുമെന്നു കരുതി. ഇൻവെസ്റ്റ്മെന്റ് ബാങ്കർകൂടിയായ ഭാര്യ അസ്മയുടെ പ്രതിച്ഛായയും ബഷാറിനെക്കുറിച്ചു നല്ലതു തോന്നിക്കാനിടയാക്കി.
പക്ഷേ, ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുള്ള തീവ്രവാദസംഘങ്ങളുമായി ബഷാർ അടുപ്പം സൂക്ഷിച്ചു. 2011ലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ തനിനിറം വ്യക്തമായി.
പിതാവ് ഹാഫിസിന്റെ ഉരുക്കുമുഷ്ടിതന്നെയാണ് തനിക്കുമുള്ളതെന്നു ബഷാർ തെളിയിച്ചു. 1982ൽ ഹമാ നഗരത്തിൽ വിമതപ്രവർത്തനത്തിനു മുതിർന്ന ആയിരക്കണക്കിനു മുസ്ലിം ബ്രദർഹുഡ് പ്രവർത്തകരെ സൈന്യത്തെ ഉപയോഗിച്ചു കൊന്നൊടുക്കിയ പിതാവ് ഹാഫിന്റെ വഴി തന്നെ ബഷാറും പിന്തുടർന്നു.
ഏഴു വർഷം കൂടുന്പോൾ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അസാദ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകൊണ്ടിരുന്നു. 2021ലായിരുന്നു അവസാനത്തെ ജയം. തെരഞ്ഞെടുപ്പുകളിൽ വ്യാപക ക്രമേക്കേട് നടന്നതായി പാശ്ചാത്യ രാജ്യങ്ങൾ കണ്ടെത്തിയിരുന്നു.