സിറിയയിൽ സിറിയൻ സർക്കാർ ഉണ്ടാകണമെന്ന് ഇന്ത്യ
Tuesday, December 10, 2024 1:30 AM IST
ന്യൂഡൽഹി: സിറിയയിൽ സിറിയൻ നേതൃത്വമുള്ള സർക്കാർ ഉണ്ടാകണമെന്ന് ഇന്ത്യ. സമാധാനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സിറിയൻ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രക്രിയ ഉണ്ടാവണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു.
സിറിയയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സിറിയയുടെ ഐക്യവും പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി എല്ലാ കക്ഷികളും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടുപറയുകയാണ്.
സിറിയയിലെ എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങളെയും അഭിലാഷങ്ങളെയും മാനിക്കുന്ന സിറിയൻ നേതൃത്വത്തിലുള്ള സമാധാനപരമായ രാഷ്ട്രീയപ്രക്രിയയ്ക്ക് ആഹ്വാനം ചെയ്യുന്നു.
സിറിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ അവരുമായി ഡമാസ്കസിലെ ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ഞായറാഴ്ച പറഞ്ഞിരുന്നു.
അസാദ് പതനം സ്വാഗതം ചെയ്ത് അമേരിക്ക
ബഷാർ അൽ അസാദ് ഭരണകൂടത്തിന്റെ പതനം സ്വാഗതം ചെയ്ത് അമേരിക്ക. 14 വർഷത്തെ സംഘർഷത്തിനൊടുവിൽ സിറിയൻ ജനത പ്രതീക്ഷയ്ക്കു കാരണം കണ്ടെത്തിയെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
2011 മുതൽ വിശ്വസനീയമായ രാഷ്ട്രീയ പ്രക്രിയയ്ക്ക് അസാദ് ഭരണകൂടം വിസമ്മതിച്ചെന്നും റഷ്യയുടെയും ഇറാന്റെയും പിന്തുണയെ ആശ്രയിച്ചത് അനിവാര്യമായ തകർച്ചയിലേക്കു നയിച്ചെന്നും ബ്ലിങ്കൻ പറഞ്ഞു.
അസാദിനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത ഫ്രാൻസ് ഐക്യത്തിനുള്ള സമയം വന്നിരിക്കുന്നുവെന്നു പറഞ്ഞു. ആയുധങ്ങൾ താഴെവയ്ക്കാനും ജനാധിപത്യ സ്ഥാപനങ്ങൾ സംരക്ഷിക്കാനും സിറിയയുടെ പരമാധികാരവും അഖണ്ഡതയും ബഹുമാനിക്കാനും ഫ്രാൻസ് ആഹ്വാനം ചെയ്യുകയാണെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.