ആക്രമണം തുടർന്ന് ഇസ്രയേൽ; 29 പേർ കൊല്ലപ്പെട്ടു
Thursday, December 12, 2024 12:45 AM IST
ഗാസ: ഗാസയിൽ അഭയാർഥി ക്യാമ്പിലുൾപ്പെടെ ആക്രമണം തുടർന്ന് ഇസ്രയേൽ. ബുധനാഴ്ച മുഴുരാത്രി നടന്ന ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു.
യുദ്ധത്തെത്തുടർന്ന് പലായനം ചെയ്തവർ അഭയംപ്രാപിച്ച വീടിനു നേർക്കുണ്ടായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വടക്കൻ പട്ടണമായ ബെയ്ത് ലാഹിയയിലെ അഭയാർഥി ക്യാമ്പിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ എട്ടു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
യുവദമ്പതികളും ഇവരുടെ നാല് കുട്ടികളും മാതാപിതാക്കളുമാണ് കൊല്ലപ്പെട്ടത്. സെൻട്രൽ ഗാസയിലെ നസ്രത്ത് അഭയാർഥി ക്യാമ്പിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി അവ്ദ ആശുപത്രി അറിയിച്ചു.
മരിച്ചവരിൽ രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളും മൂന്ന് ബന്ധുക്കളും ഉൾപ്പെടുന്നു. സെൻട്രൽ ഗാസയിൽനിന്ന് ഇസ്രയേലിനു നേരേയും ആക്രമണമുണ്ടായി. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒരു വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ ഗാസയിൽ 44,000 പലസ്തീനികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ പകുതിയിലധികം സ്ത്രീകളും കുട്ടികളുമാണ്.