2024ൽ കൊല്ലപ്പെട്ടത് 54 മാധ്യമപ്രവർത്തകർ
Friday, December 13, 2024 12:55 AM IST
ന്യൂയോർക്ക്: ഈ വർഷമുണ്ടായ മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളിൽ മൂന്നിലൊന്നിനും ഉത്തരവാദി ഇസ്രേലി സേനയെന്ന് ആരോപണം.
അന്താരാഷ്ട്ര സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (ആർഎസ്എഫ്) കണക്കു പ്രകാരം 54 മാധ്യമപ്രവർത്തകരാണ് 2024ൽ മരിച്ചത്. ഇതിൽ 18 പേരുടെ മരണത്തിനു കാരണം ഇസ്രേലി സേനയുടെ ആക്രമണമാണ്. 16 പേർ ഗാസയിലും രണ്ടു പേർ ലബനനിലുമാണ് മരിച്ചത്.
ഏറ്റവും അപകടം പിടിച്ച മാധ്യമപ്രവർത്തന മേഖലയാണ് പലസ്തീനെന്ന് ആർഎസ്എഫ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2023 ഒക്ടോബറിൽ ഇസ്രേലി സേന ആക്രമണം തുടങ്ങിയശേഷം ഗാസയിൽ 145 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിൽ 35 പേരുടെ മരണം ജോലിക്കിടെ ആയിരുന്നു. ഇസ്രേലി സേനയ്ക്കെതിരേ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് സംഘടന നാലു പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു സമർപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സ് (ഐഎഫ്ജെ) എന്ന മറ്റൊരു സംഘടന പുറത്തുവിട്ട കണക്കു പ്രകാരം 2024 വർഷത്തിൽ ലോകവ്യാപകമായി 104 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ പകുതിയിലധികവും ഗാസയിലാണ്.
മാധ്യമപ്രവർത്തനവുമായി നേരിട്ടു ബന്ധപ്പെട്ട മരണങ്ങൾ മാത്രമേ ആർഎസ്എഫ് പരിഗണിക്കൂ എന്നതാണ് സംഘടനകൾ തമ്മിലുള്ള കണക്കു വ്യത്യാസത്തിന്റെ കാരണം