സാമുവൽ പാറ്റിയുടെ ഘാതകന് സിറിയൻ തീവ്രവാദബന്ധം
Tuesday, December 10, 2024 1:30 AM IST
പാരീസ്: ഫ്രഞ്ച് അധ്യാപകനായ സാമുവൽ പാറ്റിയെ 2020 ഒക്ടോബർ 20ന് കൊലപ്പെടുത്തിയ ചെച്ചൻ അഭയാർഥിയും ഇസ്ലാമിക തീവ്രവാദിയുമായ അബ്ദുള്ള ആൻസോറോവ്, ബഷാർ അൽ അസദിനെ പുറത്താക്കിയ ഭീകരസംഘടനയായ എച്ച്ടിഎസുമായി ബന്ധപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തൽ.
കൊലപാതകത്തിനുശേഷം മിനിറ്റുകൾക്കകം കൊലപാതകി പാറ്റിയുടെ ശിരസിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലിടുകയും ഫ്രാൻസിൽ ജിഹാദ് തുടങ്ങിയെന്നു പറയുകയും ചെയ്തിരുന്നു. അയാളുടെ സിറിയൻ സുഹൃത്ത് കൊലപാതകിയെ അഭിനന്ദിക്കുന്നുമുണ്ട്.
ഈ സുഹൃത്ത് മാധ്യമങ്ങളിലെ തീവ്രവാദ പ്രവർത്തനത്തിനു നേതൃത്വം കൊടുത്തിരുന്ന താജിക്കിസ്ഥാൻ സ്വദേശിയായ ഫാറൂഖ് ഷാമിയാണെന്നും ഇയാൾ സ്വതന്ത്ര പത്രപ്രവർത്തകനായി സിറിയയിൽ പ്രവർത്തിച്ചുവരികയായിരുന്നെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്രാൻസിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ഇയാൾ വലവിരിച്ചിരുന്നു. സിറിയയിലെ ഇദ്ലിബിൽ തന്നെയുള്ള മറ്റൊരു തീവ്രവാദിയുമായും കൊലപാതകി ബന്ധപ്പെട്ടിരുന്നതായി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.
2017ൽ സ്ഥാപിതമായ എച്ച്ടിഎസിന്റെ നേതാവ് മുഹമ്മദ് അൽ ജുലാനി, ആഗോള ജിഹാദ് തന്റെ ലക്ഷ്യമല്ലെന്ന് ഇപ്പോൾ പറയുന്നത് ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ചർച്ചയാകുന്നുണ്ട്.
പാശ്ചാത്യരാജ്യങ്ങളെ ആക്രമിക്കുകയില്ലെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അസാദിനെ പുറത്താക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇയാൾ ഇപ്പോൾ പറയുന്നത് മുഖവിലയ്ക്കെടുക്കാൻ സാധ്യമല്ലെന്നാണ് നിരീക്ഷകർ കരുതുന്നത്.