യുദ്ധവിമാനം ചൈന ഹാക്ക് ചെയ്തുവെന്ന പ്രചാരണത്തിന് എതിരേ കരസേന
Wednesday, March 26, 2025 2:25 AM IST
ന്യൂഡൽഹി: കരസേനയുടെ വിദൂരനിയന്ത്രിത വിമാനം (ആർപിഎ) ചൈന ഹാക്ക് ചെയ്തുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് കരസേനാ നേതൃത്വം.
കൃത്യതയില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമസ്ഥാപനങ്ങളോടും സമൂഹമാധ്യമങ്ങൾ പിന്തുടരുന്നവരോടും സൈന്യം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പൈലറ്റില്ലാ സൈനിക വാഹനം ചൈനീസ് മേഖലയിലേക്ക് വഴിതെറ്റി എത്തിയെന്നായിരുന്നു പ്രചാരണം. വിമാനം ചൈനീസ് സേന ഹാക്ക് ചെയ്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇവയെല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കരസേന വ്യക്തമാക്കുകയായിരുന്നു.