ചർച്ചയ്ക്കു വിളിച്ചുവരുത്തി നേതാക്കളെ ജയിലിലടച്ചെന്ന് കർഷക സംഘടനകൾ
Wednesday, March 26, 2025 2:25 AM IST
ന്യൂഡൽഹി: കാർഷികവിളകൾക്കു മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം പാർലമെന്റ് പാസാക്കുന്നതുവരെ കർഷകപ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ.
കിസാൻ മസ്ദുർ മോർച്ചയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതാക്കളെ ചണ്ഡിഗഡിലേക്കു ചർച്ചയ്ക്കായി ക്ഷണിച്ചുവരുത്തിയശേഷമാണ് അറസ്റ്റ് ചെയ്തു പട്യാല സെൻട്രൽ ജയിലിൽ അടച്ചതെന്നും കർഷക നേതാക്കളായ പി.ടി. ജോണ്, പി.ആർ. പാണ്ഡ്യൻ എന്നിവർ പറഞ്ഞു.
കഴിഞ്ഞ 19ന് അറസ്റ്റ് ചെയ്ത നേതാക്കളെ 24നാണ് ജയിലിൽനിന്നു വിട്ടയച്ചതെന്നും നാനൂറിലേറെ പേർ ഇപ്പോഴും പഞ്ചാബിലെ വിവിധ ജയിലുകളിൽ കഴിയുകയാണെന്നും പി.ടി. ജോണ് പറഞ്ഞു.
കോർപറേറ്റുകൾക്കുവേണ്ടിയാണോ കർഷകനേതാക്കളെ ജയിലിലടയ്ക്കുകയും സമരകേന്ദ്രം അടിച്ചുതകർക്കുകയും ചെയ്തതെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എത്രകാലം പൊരുതേണ്ടിവന്നാലും മിനിമം താങ്ങുവില നിയമമാക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.