തൊഴിലുറപ്പ് വേതനത്തിലെ കാലതാമസം: പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം
Wednesday, March 26, 2025 2:25 AM IST
സനു സിറിയക്
ന്യൂഡൽഹി: തൊഴിലുറപ്പ് തൊഴിലാളികൾക്കു ലഭിക്കേണ്ട വേതനം വിതരണത്തിലെ കാലതാമസം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ ബഹളം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം (എംഎൻആർഇജിഎ) കേരളത്തിൽ നാലു മാസത്തോളം വേതനം വൈകുന്നുവെന്ന് അടൂർ പ്രകാശ് എംപി ചോദ്യോത്തരവേളയിൽ പാർലമെന്റിൽ ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലും ബംഗാളിലും സമാനമായി കുടിശികയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡിഎംകെയും തൃണമൂൽ കോണ്ഗ്രസും വിഷയം ഏറ്റുപിടിച്ചതോടെ സഭ ബഹളത്തിൽ മുങ്ങി. ഇതോടെ സഭാനടപടികൾ 15 മിനിറ്റ് സ്പീക്കർ ഓം ബിർള നിർത്തിവച്ചു. ജനസംഖ്യ കുറവാണെങ്കിലും തമിഴ്നാടിന് ഉത്തർപ്രദേശിനേക്കാൾ എംഎൻആർഇജിഎ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന കേന്ദ്രമന്ത്രി പെമ്മസാനിയുടെ പ്രസ്താവനയാണു പ്രതിപക്ഷ ബഹളത്തിലേക്കു നയിച്ചത്.
എംഎൻആർഇജിഎ പ്രകാരം തൊഴിലാളികളുടെ വേതനം 15 ദിവസത്തിൽ കൂടുതൽ വൈകിയാൽ പലിശ ഉൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ ഊന്നിപ്പറഞ്ഞുകൊണ്ടാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ചത്.
കേരള എംപിമാർക്കൊപ്പം രാഹുൽ ഗാന്ധിയും അല്പസമയം പ്രതിഷേധത്തിൽ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള ശ്രമമാണു കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് എംപിമാർ ആരോപിച്ചു.
നിയമത്തിൽ അനുശാസിക്കുന്ന വേതനം സമയബന്ധിതമായി നൽകണമെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നില്ലെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. എന്നാൽ കുടിശിക വന്നിട്ടുണ്ടെങ്കിൽ വരും ദിവസങ്ങളിൽ നൽകുമെന്ന് കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി പാർലമെന്റിൽ വ്യക്തമാക്കി.
ശന്പളം വൈകിയതും കുറഞ്ഞ വേതനവും നിമിത്തം കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായതായി അടൂർ പ്രകാശ് ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്രം അതു നിരാകരിച്ചു.
എംഎൻആർഇജിഎ പ്രകാരം ഈ വർഷം കേരളത്തിന് 3000 കോടി രൂപയും കഴിഞ്ഞ സാന്പത്തികവർഷം 3500 കോടി രൂപയും ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് പെമ്മസാനി വ്യക്തമാക്കി. പദ്ധതിപ്രകാരം ഏറ്റവും ഉയർന്ന രണ്ടാമത്തെ വേതനം നൽകുന്നത് കേരളമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.