പുതിയ ആദായനികുതി ബിൽ അഞ്ച് മാസത്തിനകം: നിർമല
Wednesday, March 26, 2025 2:25 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പുതിയ ആദായനികുതി ബിൽ പാർലമെന്റിന്റെ ജൂലൈയിൽ തുടങ്ങുന്ന വർഷകാല സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
നികുതിദായകരെ ബഹുമാനിക്കുന്നതിനായി അഭൂതപൂർവമായ നികുതിയിളവ് കേന്ദ്രബജറ്റിലുണ്ടെന്നും വാർഷിക വരുമാനം 12 ലക്ഷത്തിനു മുകളിലുള്ളവർക്ക് നാമമാത്ര ഇളവുകളേയുള്ളൂവെന്നും മന്ത്രി ഇന്നലെ ലോക്സഭയിൽ വിശദീകരിച്ചു.
വളം, കീടനാശിനികൾ, ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം തുടങ്ങിയവയുടെ ജിഎസ്ടി കുറയ്ക്കുന്നതിനുള്ള നിർദേശം കേന്ദ്രമന്ത്രിസഭാ സമിതി പരിശോധിക്കുകയാണെന്ന് ധനമന്ത്രി അറിയിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങിയ മതസ്ഥലങ്ങളിൽനിന്നുള്ള പ്രസാദങ്ങൾക്കു പുറമെ ഇവ നിർമിക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടി കുറയ്ക്കുന്നതിനെക്കുറിച്ചും മന്ത്രിസഭാ സമിതി പരിശോധിക്കും.
ആഭ്യന്തര ഉത്പാദനവും കയറ്റുമതി മത്സരശേഷിയും വർധിപ്പിക്കുന്നതിനാണ് ബജറ്റിൽ ലക്ഷ്യമിടുന്നതെന്ന് ധനബില്ലിനെക്കുറിച്ചുള്ള പാർലമെന്റിലെ ചർച്ചയ്ക്കു മറുപടി പറയവേ ധനമന്ത്രി നിർമല പറഞ്ഞു.
ചില പരിഷ്കരണനടപടികളും വ്യവസ്ഥകളും ധനബില്ലിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത സമ്മേളനത്തിൽ ഇതു ചർച്ചയ്ക്കെടുക്കും. ഡിജിറ്റൽ ആസ്തികൾ പരിശോധിക്കുന്നതിന് ആദായനികുതി നിയമത്തിൽ നിയമപരമായ വ്യവസ്ഥയില്ലാതിരുന്നതിനാലാണ് പുതിയ നിയമത്തിൽ അതുൾപ്പെടുത്തിയതെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
പുതിയ ആദായനികുതി ബില്ലും അടുത്ത സമ്മേളനത്തിൽ പരിഗണിക്കും. ഫെബ്രുവരി 13ന് ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ നിലവിൽ പാർലമെന്റ് സെലക്ട് കമ്മിറ്റിയുടെ പരിശോധനയിലാണ്.
1961ലെ ആദായനികുതി നിയമം ലളിതമാക്കുകയാണു ലക്ഷ്യം. നിലവിലുള്ള നിയമത്തിൽ 819 വകുപ്പുകൾ ഉള്ളപ്പോൾ, പുതിയതിൽ 536 വകുപ്പുകളേയുള്ളൂ. അധ്യായങ്ങളുടെ എണ്ണം 47ൽ നിന്ന് 23 ആയി കുറഞ്ഞു.
ധനബില്ലിന്മേലുള്ള ചർച്ചയിൽ മന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ
* സ്റ്റാർട്ടപ്പുകളുടെ സംയോജന കാലയളവ് അഞ്ചു വർഷത്തേക്കു നീട്ടും.
* വ്യാവസായിക ഉത്പന്നങ്ങൾക്കുള്ള ഏഴു കസ്റ്റംസ് തീരുവ നിരക്കുകൾ നീക്കം ചെയ്യും.
* കൊബാൾട്ട്, ലെഡ്, സിങ്ക് എന്നിവയുൾപ്പെടെ 12 നിർണായക ധാതുക്കളെ അടിസ്ഥാന കസ്റ്റംസ് നികുതിയിൽനിന്ന് (ബിസിഡി) പൂർണമായും ഒഴിവാക്കും.
* സെസ്, സർചാർജ് എന്നിവയുടെ ഇരട്ടി ഭാരം നീക്കും. 82 തീരുവകളിൽനിന്നു സാമൂഹികക്ഷേമ സർചാർജ് ഒഴിവാക്കും.
* പരസ്യങ്ങൾക്ക് ആറു ശതമാനം തുല്യതാ ലെവി നിർദേശം റദ്ദാക്കും.
* മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ കണക്കിൽപ്പെടാത്ത 250 കോടി രൂപയുടെ പണം കണ്ടെടുക്കുന്നതിലേക്ക് നയിച്ചു.
* വാട്സ് ആപ് സന്ദേശങ്ങളിൽനിന്ന് ക്രിപ്റ്റോ ആസ്തികളുടെ തെളിവുകൾ കണ്ടെത്തി.
* വാട്സ് ആപ് ആശയവിനിമയങ്ങളിൽനിന്നു കണക്കിൽപ്പെടാത്ത 200 കോടി രൂപയുടെ പണം കണ്ടെത്താനായി.
* പണത്തിന്റെ ഒളിത്താവള സ്ഥലങ്ങൾ നിർണയിക്കാൻ ഫോണുകളിലെ ഗൂഗിൾ മാപ്പ് ചരിത്രം ഉപയോഗിച്ചു.
* 2023 മാർച്ച് വരെ ശരാശരി ജിഎസ്ടി നിരക്ക് 12.2% ആണ്.
* 2026ന്റെ തുടക്കത്തിൽ അവസാനിക്കേണ്ട ജിഎസ്ടി വായ്പ തിരിച്ചടയ്ക്കുന്നതിന് സെസ് പിരിക്കുന്നു.
* അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതി ഐജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
* സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം പട്ടികജാതി, വർഗക്കാർക്കു വായ്പയായി 7000 കോടി രൂപ വിതരണം ചെയ്തു.