ഷിൻഡെ വിരുദ്ധ പരാമർശം; മാപ്പു പറയില്ലെന്ന് കുനാൽ കമ്ര
Wednesday, March 26, 2025 2:25 AM IST
മുംബൈ/ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെക്കുറിച്ചുള്ള പരാമർശത്തിൽ മാപ്പു പറയില്ലെന്ന് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര.
വിവാദം അവസാനിക്കുംവരെ പുതുപ്പിനടിയിൽ ഒളിച്ചിരിക്കില്ലെന്നും ചൊവ്വാഴ്ച അർധരാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ താരം വ്യക്തമാക്കി. നേതാക്കളെ പരിഹസിക്കുന്നത് നിയമവിരുദ്ധമൊന്നുമല്ല.
ആവിഷ്കാരസ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. പോലീസിനോടും കോടതിയോടും സഹകരിക്കും. തനിക്കെതിരേ കേസെടുത്ത സാഹചര്യത്തിൽ പരിപാടി നടന്ന കെട്ടിടം നശിപ്പിച്ചവർക്കെതിരേയും കേസ് വേണമെന്നും കമ്ര ആവശ്യപ്പെട്ടു.
കമ്രയുടെ തല വെട്ടുമെന്ന ഭീഷണിയുമായി ഫോൺ കോളുകൾ
മുംബൈ: ഷിന്ഡെയ്ക്കെതിരേയുള്ള പരാമര്‍ശം വിവാദമായതിനു പിന്നാലെ കുനാല്‍ കമ്രയ്ക്ക് അഞ്ഞൂറോളം ഭീഷണിസന്ദേശങ്ങൾ ലഭിച്ചതായി അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ. തലയറക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് പലതും.
അതേസമയം, ചോദ്യം ചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് കമ്രയ്ക്കു പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ശിവസേനാ പ്രവർത്തകരുടെ പരാതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 36കാരനായ കുനാലിനെതിരേ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷിന്‍ഡെയെ "രാജ്യദ്രോഹി’യായി കുനാൽ കമ്ര ചിത്രീകരിച്ചുവെന്നാരോപിച്ച് ശിവസേനാ പ്രവർത്തകർ നടനെതിരേ തിരിഞ്ഞതാണ് വിവാദത്തിന് അടിസ്ഥാനം."ദില്‍ തോ പാഗല്‍ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടി ഷിൻഡെയെ പരോക്ഷമായി ചിത്രീകരിക്കുകയായിരുന്നു കുനാൽ കമ്ര.
അതേസമയം, തനിക്കെതിരേയുള്ള പരാമർശത്തിന്റെ പേരിൽ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചുതകര്‍ത്തവരെ പിന്തുണയ്ക്കില്ലെന്ന് ഷിൻഡെ വ്യക്തമാക്കി.