ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി
Saturday, December 14, 2024 1:17 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്കൂളുകൾക്ക് ഒരാഴ്ചയ്ക്കിടെ രണ്ടാമതും ബോംബ് ഭീഷണി. ഇന്നലെ 30 ഓളം സ്കൂളുകളിലാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിലെ 44 സ്കൂളുകളിൽ ഇ-മെയിലിലൂടെ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
സന്ദേശം ലഭിച്ചയുടൻ വിവിധ ഏജൻസികൾ സ്കൂളുകളിലെത്തി അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സന്ദേശങ്ങൾ അയച്ചത് വിദേശത്തുനിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
കഴിഞ്ഞ മേയിൽ ഡൽഹിയിലെ സ്കൂളുകളും ആശുപത്രികളുമടങ്ങുന്ന 250ലധികം പൊതുസ്ഥാപനങ്ങൾക്കുനേരെ സമാന രീതിയിൽ വ്യാജ ഭീഷണികൾ ലഭിച്ചിരുന്നെങ്കിലും സന്ദേശമയച്ചയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.