സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാർഡ് ടി.എം. കൃഷ്ണയ്ക്കു നൽകാമെന്നു മദ്രാസ് ഹൈക്കോടതി
Saturday, December 14, 2024 1:17 AM IST
ചെന്നൈ: ഗായകൻ ടി.എം. കൃഷ്ണയ്ക്ക് അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള മ്യൂസിക് അക്കാദമി സംഗീത കലാനിധി അവാർഡ് നൽകുന്നതിനു വിലക്കില്ലെന്നു മദ്രാസ് ഹൈക്കോടതി. കൃഷ്ണയ്ക്ക് പുരസ്കാരം നൽകുന്നത് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
തന്റെ മുത്തശ്ശിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ മോശം പ്രചാരണം നടത്തിയിട്ടുള്ള കൃഷ്ണയ്ക്ക് അവരുടെ പേരിലുള്ള പുരസ്കാരം നൽകുന്നതിനെതിരേ സുബ്ബലക്ഷ്മിയുടെ കൊച്ചുമകനായ വി. ശ്രീനിവാസൻ നേരത്തേ ഹർജി നൽകിയിരുന്നു. ഇതു പരിഗണിച്ച ജസ്റ്റീസ് ജി. ജയചന്ദ്രൻ അവാർഡ് നൽകുന്നതു വിലക്കി.
അതേസമയം, സുബ്ബലക്ഷ്മിയുടെ പേര് ഉപയോഗിക്കാതെ അവാർഡ് നൽകി കൃഷ്ണയെ ആദരിക്കുന്നതിനു തടസമില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് മ്യൂസിക് അക്കാദമി അപ്പീൽ നൽകി. ഈ അപ്പീൽ പരിഗണിച്ചാണ് അവാർഡ് നൽകുന്നതിനു തടസമില്ലെന്ന പുതിയ ഉത്തരവ്.