"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Friday, December 13, 2024 2:05 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചും തുടർന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താൻ നിർദേശിക്കുന്ന "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് അനുമതി നൽകിയത്.
തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നിർദേശത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ഭേദഗതികൾ അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണ് മുൻ രാഷ്ട്രപതിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്. സമിതിയുടെ നിർദേശങ്ങൾക്ക് നേരത്തേ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
അഞ്ചു ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള ബില്ലുകൾ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയ്ക്കായി ബില്ലുകൾ അയയ്ക്കുമെന്ന് കേന്ദ്രസർക്കാരിലെ ഉന്നതർ സൂചിപ്പിച്ചു.
2029 മുതൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന ബില്ലുകളിന്മേൽ 20ന് സമാപിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിശദ ചർച്ചയുണ്ടാകില്ല. ഇക്കാര്യങ്ങൾ നേരത്തേ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഭരണഘടനയെക്കുറിച്ച് ലോക്സഭയിൽ ഇന്നും നാളെയും നടക്കുന്ന ചർച്ചയ്ക്കായി സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു ബിജെപി എംപിമാർക്ക് പാർട്ടി മൂന്നു വരി വിപ്പ് നൽകിയിട്ടുണ്ട്. അപൂർവമായാണ് ശനിയാഴ്ച സഭ സമ്മേളിക്കുന്നത്.
രാജ്യസഭയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണു ഭരണഘടനാചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഭരണഘടനയുടെ 75-ാം വാർഷികം പ്രമാണിച്ചാണു പ്രതിപക്ഷത്തിന്റെ ആവശ്യംകൂടി പരിഗണിച്ച് പ്രത്യേക ചർച്ചയ്ക്കു കേന്ദ്രം തയാറായത്.
നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതിയോടെ സമഗ്രമായൊരു ഒറ്റ നിയമം ശിപാർശ ചെയ്യുന്ന ബില്ലുകളാണ് പാർലമെന്റിൽ അവതരിപ്പിക്കുക. ഭാവിയിൽ രാജ്യത്താകെ എല്ലാ തെരഞ്ഞെടുപ്പുകൾക്കും ഒരു വോട്ടർപട്ടികയാകും ഉണ്ടാകുക.