തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിക്കണം
Saturday, December 14, 2024 1:17 AM IST
ന്യൂഡൽഹി: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്നു ഗ്രാമീണ വികസനത്തെ സംബന്ധിച്ചുള്ള പാർലമെന്ററി പാനലിന്റെ ശിപാർശ.
തൊഴിലാളികൾക്കു നിലവിൽ നൽകിവരുന്ന വേതനം ഇപ്പോഴുള്ള പണപ്പെരുപ്പനിരക്കിന് ആനുപാതികമായി വർധിപ്പിക്കണമെന്നാണു പാർലമെന്ററി പാനലിന്റെ ആവശ്യം.
തൊഴിലുറപ്പ് പദ്ധതിക്കു കീഴിലെ തൊഴിൽദിനങ്ങൾ കുറഞ്ഞത് 150 ദിവസമായി വർധിപ്പിക്കണമെന്നും പദ്ധതിക്കു കീഴിൽ സംസ്ഥാനങ്ങൾ നൽകിവരുന്ന വേതനത്തിൽ ലൈംഗിക വിവേചനമില്ലാതെ തുല്യത വേണമെന്നും പാർലമെന്ററി പാനലിന്റെ ശിപാർശയുണ്ട്.
ഉയർന്ന തൊഴിൽനിരക്കുള്ള ചില സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് ഇപ്പോഴും 200 രൂപ വേതനം നൽകുന്നത് യുക്തിരഹിതമാണെന്ന് കോണ്ഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലാക്ക അധ്യക്ഷനായ പാനൽ ചൂണ്ടിക്കാട്ടി.
പദ്ധതിക്കു കീഴിൽ തൊഴിൽദിനങ്ങളും വേതനവും വർധിപ്പിക്കാനുള്ള പുതിയ സംവിധാനം ആവിഷ്കരിക്കാനും പാർലമെന്ററി പാനൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.