സഭ സുഗമമായി നടക്കണം: സ്പീക്കറെ കണ്ട് രാഹുൽ
Thursday, December 12, 2024 1:29 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. സമ്മേളനത്തിനിടയിൽ ബിജെപി നേതാക്കൾ തനിക്കെതിരേ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് തന്റെ പാർട്ടി ആവശ്യപ്പെട്ടതായും രാഹുൽ സ്പീക്കറെ അറിയിച്ചു.
നാളെ മുതൽ ലോക്സഭയിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചകൾ നടത്താൻ പ്രതിപക്ഷ പാർട്ടികൾ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി തങ്ങളുടെ ഉത്തരവാദിത്വമല്ലെങ്കിലും സഭ ശരിയായ രീതിയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുമെന്നും സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം രാഹുൽ മാധ്യമങ്ങളോടു പറഞ്ഞു.
അദാനി വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ബിജെപി അംഗങ്ങൾ തനിക്കെതിരേ ഉയർത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളിൽ താൻ പ്രകോപിതനാകില്ലെന്ന് രാഹുൽ വ്യക്തമാക്കി. ബിജെപി അംഗങ്ങൾ കോണ്‍ഗ്രസിനെതിരേ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് സഭ തടസപ്പെടുത്തുകയാണ്.
സഭ എങ്ങനെയെങ്കിലും പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നു. എന്നാൽ ഭരണപക്ഷത്തിന് അതില്ലെന്നും രാഹുൽ പറഞ്ഞു. ബിജെപി അംഗങ്ങൾക്ക് തനിക്കെതിരേ എന്ത് ആരോപണങ്ങൾ വേണമെങ്കിലും ഉന്നയിക്കാം. പക്ഷേ ഭരണഘടനാചർച്ച സഭയിൽ ആവശ്യമാണെന്നും രാഹുൽ പറഞ്ഞു.
ജോർജ് സൊറോസ് വിഷയത്തിൽ രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് സ്പീക്കർക്കു നേരത്തേ കത്തയച്ചിരുന്നു.