കർണാടകയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികൾ മുങ്ങി മരിച്ചു
Thursday, December 12, 2024 1:28 AM IST
ബംഗളൂരു: കടലിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികൾ മുങ്ങി മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി.
കർണാടക കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൻ സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനികളായ ശ്രീവന്ദതി, ദിഷിത, വന്ദന, ലാവണ്യ എന്നിവരാണ് മരിച്ചത്.
ഉത്തരകന്നഡ ജില്ലയിലെ മുരുദേശ്വർ ബീച്ചിൽ ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം.
ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ നീന്താനിറങ്ങിയ വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥിനികളുടെ നിലവിളി കേട്ടെത്തിയ അധ്യാപകരും ലൈഫ് ഗാർഡുമാരും ചേർന്ന് മൂന്നു വിദ്യാർഥിനികളെ രക്ഷപ്പെടുത്തിയെങ്കിലും നാലുപേരെ കാണാതായി.
തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെയാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. 46 വിദ്യാർഥികളും ആറ് അധ്യാപകരുമാണ് വിനോദയാത്രയ്ക്ക് എത്തിയത്. രക്ഷപ്പെട്ട മൂന്നു വിദ്യാർഥിനികളിൽ ഒരാളുടെ നില ഗുരുതരമാണ്.