ഭരണഘടന അനുശാസിക്കുന്ന തുല്യത എല്ലാ ജനങ്ങൾക്കും ഉറപ്പാക്കണം: സിബിസിഐ
Thursday, December 12, 2024 1:29 AM IST
ന്യൂഡൽഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന്റെ വിവാദ പരാമർശത്തിനെതിരേ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
ഭരണഘടന അനുശാസിക്കുന്ന തുല്യത രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഉറപ്പാക്കണമെന്ന് സിബിസിഐ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതേ ഹൈക്കോടതിയിൽ ക്രൈസ്തവർക്കെതിരേ നടത്തിയ ചില നിരീക്ഷണങ്ങൾ സുപ്രീംകോടതി നീക്കം ചെയ്തിരുന്നു.
ഭരണഘടനയും അത് അനുവദിച്ച നിയമങ്ങളും ഉയർത്തിപ്പിടിക്കാനാണ് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭരണഘടനയിലും അതിന്റെ ധാർമിക ഉത്തരവാദിത്വത്തിലും വിശ്വാസമില്ലാത്ത ഒരാൾക്ക് ന്യായാധിപനായി തുടരാൻ യോഗ്യതയില്ലെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷ നിയമമല്ല ഇന്ത്യയിൽ നടക്കുന്നതെന്നും രാജ്യത്തെ നിയമസംവിധാനത്തിന് ഭരണഘടന സംരക്ഷിക്കാനുള്ള ചുമതലയുണ്ടെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ചൂണ്ടിക്കാട്ടി.
ഗുരുതരമായ പരാമർശം നടത്തിയ ജഡ്ജിക്കെതിരേ ഇതുവരെയും നടപടി സ്വീകരിക്കാത്തത് ഖേദകരമാണ്. ഭരണഘടനയുടെ 124 , 217 അനുച്ഛേദ പ്രകാരം ഇത്തരം കേസുകളിൽ നടപടി ആരംഭിക്കാനുള്ള അധികാരം പാർലമെന്റിൽ നിക്ഷി പ്തമാണ്.
അപകീർത്തികരമായ പരാമർശം നടത്തിയ ജഡ്ജിക്കെതിരേ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയഭേദമെന്യേ എല്ലാ പാർലമെന്റ് അംഗങ്ങളും മുന്നിട്ടിറങ്ങണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.