ധൻകർ സർക്കാർ വക്താവ്: ഖാർഗെ
Thursday, December 12, 2024 1:47 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ വക്താവും രാജ്യസഭയിലെ ഏറ്റവും വലിയ തടസവുമാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
നിർണായക വിഷയങ്ങൾ ഉന്നയിക്കാൻ മൂന്നു വർഷമായി പ്രതിപക്ഷ എംപിമാരെ അനുവദിക്കാത്തതിനാലും രാജ്യത്തിന്റെ അന്തസിനെ വ്രണപ്പെടുത്തിയതിനാലുമാണ് പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കാൻ ധൻകറിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം നിർബന്ധിതരായതെന്ന് ഖാർഗെയും ഇന്ത്യ സഖ്യം നേതാക്കളും പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യസഭാധ്യക്ഷനെതിരേയുള്ള അവിശ്വാസ പ്രമേയം വ്യക്തിപരമല്ലെന്നും എന്നാൽ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്ത കാക്കാനാണു പോരാട്ടമെന്നും ഖാർഗെ വ്യക്തമാക്കി.
ഈ നടപടിയെടുക്കാൻ നിർബന്ധിതരായതാണ്. നിർണായക വിഷയങ്ങൾ ഉന്നയിക്കാൻ മൂന്നു വർഷമായി പ്രതിപക്ഷത്തിനു സമയമോ സ്ഥലമോ അദ്ദേഹം നൽകിയില്ല. പ്രതിപക്ഷ നേതാവിനെപ്പോലും സംസാരിക്കാൻ അനുവദിക്കാറില്ല.
സഭാനേതാവിനു സംസാരിക്കാൻ നൽകുന്ന അതേ അവസരം പ്രതിപക്ഷ നേതാവിനും നൽകേണ്ടതാണ്. അധ്യക്ഷനിൽനിന്ന് എംപിമാർ സംരക്ഷണം പ്രതീക്ഷിക്കുന്നു. പക്ഷേ അദ്ദേഹം ഭരണകക്ഷി എംപിമാരോട് സംസാരിക്കാൻ ആംഗ്യം കാണിക്കുന്നു. അധ്യക്ഷൻതന്നെ സർക്കാരിനെ പ്രതിരോധിക്കുന്പോൾ പ്രതിപക്ഷത്തെ ആരു കേൾക്കും? പ്രതിപക്ഷ നേതാക്കളെ അപമാനിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.
സ്കൂളിൽ ഒരു ഹെഡ്മാസ്റ്റർ പഠിപ്പിക്കുന്നതുപോലെയാണ് അദ്ദേഹം എംപിമാരോടു പെരുമാറുന്നത്. പരിണതപ്രജ്ഞരായ രാഷ്ട്രീയ നേതാക്കളും പ്രഫസർമാരും അഭിഭാഷകരും അടക്കം വളരെ മുതിർന്ന എംപിമാരെയും നേതാക്കളെയും പോലും അദ്ദേഹം പതിവായി പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യസഭയെ ഏറ്റവും കൂടുതൽ അലങ്കോലപ്പെടുത്തിയത് ചെയർമാനാണ്. സർക്കാർ വക്താവിനെപ്പോലെയാണു ചെയർമാൻ പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
തൃണമൂൽ, ഡിഎംകെ, എസ്പി, എഎപി തുടങ്ങിയ പാർട്ടി നേതാക്കളോടൊപ്പം മലയാളികളായ കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയും സിപിഐ നേതാവ് പി. സന്തോഷ്കുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു. കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ നടന്ന വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അടക്കമുള്ളവരും ഉണ്ടായിരുന്നു.