ഉപരാഷ്ട്രപതിയെ നീക്കാൻ കേവല ഭൂരിപക്ഷം മതി; പ്രമേയം പരിഗണിക്കില്ല
Thursday, December 12, 2024 1:47 AM IST
ന്യൂഡൽഹി: രാഷ്ട്രപതി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിലുള്ള അധികാരമായ ഉപരാഷ്ട്രപതിയുടെ അധികാരങ്ങൾ ഭരണഘടനയുടെ 63-ാം അനുച്ഛേദത്തിലുണ്ട്. അനുച്ഛേദം 64 അനുസരിച്ച് രാജ്യസഭയുടെ (കൗണ്‍സിൽ ഓഫ് സ്റ്റേറ്റ്സ്) എക്സ്-ഒഫീഷ്യോ ചെയർമാനും ഉപരാഷ്ട്രപതിയാണ്.
രാജ്യസഭാധ്യക്ഷനെതിരായ അവിശ്വാസപ്രമേയം രാജ്യസഭയിലെ കേവല ഭൂരിപക്ഷത്തോടെ പാസാക്കാമെന്ന് അനുച്ഛേദം 67 (ബി) വ്യക്തമാക്കുന്നു. പ്രമേയത്തിന് 14 ദിവസം മുന്‍പ് നോട്ടീസ് നൽകണം. രാജ്യസഭാ ഉപാധ്യക്ഷനാണു പ്രമേയം ചർചയ്ക്കെടുക്കാൻ അനുവദിക്കേണ്ടത്. രാജ്യസഭ പ്രമേയം പാസാക്കിയാൽ പിന്നീട് ലോക്സഭയും അംഗീകരിക്കണം.
245 അംഗ രാജ്യസഭയിൽ 14 ഒഴിവുകളുള്ളതിനാൽ നിലവിൽ 231 പേരാണുള്ളത്. ഇതിൽ എൻഡിഎയ്ക്ക് 113 എംപിമാരും ഇന്ത്യ സഖ്യത്തിന് 85 എംപിമാരുമാണുള്ളത്. നടപ്പുസമ്മേളനം 20ന് അവസാനിക്കുന്നതിനാൽ ഇപ്പോൾ നോട്ടീസ് നൽകിയ പ്രമേയം പരിഗണിക്കില്ല.
പ്രതിപക്ഷത്തിന് അംഗബലം ഇല്ലാത്തതിനാലും നോട്ടീസിന് കാലാവധി ഇല്ലാത്തതിനാലും പ്രമേയം പാഴാകുമെങ്കിലും ചരിത്രത്തിലാദ്യമായി ഉപരാഷ്ട്രപതിക്കെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
രാജ്യസഭയിൽ ബഹളം
രാജ്യസഭാ ചെയർമാനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ ചൊല്ലി രാജ്യസഭയിൽ ഇന്നലെ നടപടികൾ സ്തംഭിച്ചു. ജഗ്ദീപ് ധൻകറിനെതിരേയുള്ള പ്രമേയത്തെക്കുറിച്ച് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടിയതോടെ, അധ്യക്ഷന്‍ പിന്തുണയുമായി പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിൽ ഭരണപക്ഷം ബഹളം വച്ചു.
ഇതോടൊപ്പം അദാനി, സോറോസ് വിഷയങ്ങൾ ഉയർത്തിയും ഭരണ- പ്രതിപക്ഷം ബഹളം വച്ചതോടെ സഭ പിരിയുകയായിരുന്നു.