ദുരന്തനിവാരണ ഭേദഗതി ബിൽ ‘ദുരന്തമാണ് ’; ലോക്സഭയിൽ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് തരൂർ
Thursday, December 12, 2024 1:28 AM IST
ന്യൂഡൽഹി: ലോക്സഭയിൽ വയനാട് ദുരന്തം ഉയർത്തി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. വയനാട് ദുരന്തത്തിൽ സഹായം അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും ദേശീയ ദുരന്തപ്രതികരണ ഫണ്ട് (എൻഡിആർഎഫ്) വിതരണം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ വേർതിരിവ് കാട്ടുകയാണെന്നും തരൂർ ആരോപിച്ചു.
കേന്ദ്രം അവതരിപ്പിച്ച ദുരന്തനിവാരണ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ച ചെയ്യവേയാണു തരൂർ വയനാട് വിഷയമുയർത്തി സംസാരിച്ചത്.
ദുരന്തനിവാരണ നിയമംകൊണ്ട് വയനാട് ദുരന്തത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും പുതിയ ഭേദഗതിക്കും ദുരന്തങ്ങളിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ബില്ലിനെ എതിർത്തുകൊണ്ട് തരൂർ പറഞ്ഞു.
സർക്കാർ നിർദേശിക്കുന്ന പുതിയ ഭേദഗതിയിലും പ്രളയസാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രയോജനകരമായ ഒന്നുമില്ല. ഒരു പ്രദേശംതന്നെ ഇല്ലാതായ വയനാട് ദുരന്തം സമാനതകളില്ലാത്തതാണ്.
എന്നാൽ വയനാടിനെ അതിതീവ്ര ദുരന്തമായി ഇതുവരെ കണക്കാക്കിയിട്ടില്ല. ദുരന്തനിവാരണ ഭേദഗതി ബിൽ തന്നെ ദുരന്തമാണ്. വിദഗ്ധപഠനം നടത്താതെ എടുത്തുചാടിയാണ് ബിൽ കൊണ്ടുവന്നതെന്നും തരൂർ വിമർശിച്ചു.
കാര്യക്ഷമമായ ദുരന്തനിവാരണത്തിനുള്ള 2005ലെ ദുരന്തനിവാരണ ബില്ലാണ് പുതിയ വ്യവസ്ഥകളോടെ കേന്ദ്രം ഭേദഗതി ചെയ്തത്.
ഫലപ്രദമായ ദുരന്തനിവാരണത്തിനായി നിലവിലുള്ള ദേശീയ-ഉന്നതതല ദുരന്തനിവാരണ സമിതികൾക്കു നിയമപരമായ അംഗീകാരമടക്കം നൽകുന്നതാണ് ഭേദഗതി.